ന്യൂഡൽഹി: മുപ്പതാമത് കരസേനാ മേധാവിയായി ചുമതലയേറ്റതിന് ശേഷം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തി ഉപേന്ദ്ര ദ്വിവേദി. പുതിയ കരസേനാ മേധാവിയെ സ്വീകരിച്ചതിന്റെ ചിത്രങ്ങൾ കേന്ദ്രമന്ത്രി എക്സിലൂടെ പങ്കുവച്ചു. ഉപേന്ദ്ര ദ്വിവേദിയുടെ അനുഭവപരിചയവും വിപുലമായ വൈദഗ്ധ്യവും ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടാകുമെന്നും ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചു.
‘പുതിയ കരസേനാ മേധാവിയെ സ്വീകരിക്കുകയും അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു. 30-ാമത് കരസേനാ മേധാവിയായി ഔദ്യോഗികമായി ചുമതലയേറ്റ ശേഷം ജനറൽ ഉപേന്ദ്ര ദ്വിവേദിയെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വിപുലമായ വൈദഗ്ധ്യവും അനുഭവപരിചയവും കരസേനയ്‌ക്ക് മുതൽകൂട്ടാകും. ഏറ്റവും മികച്ച സൈനിക ശക്തികളിലൊന്നാണ് ഇന്ത്യയുടേത്.’- ജിതേന്ദ്ര സിംഗ് എക്സിൽ കുറിച്ചു.
ജൂൺ 30-നാണ് ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായി ചുമതലയേറ്റത്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്. സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി. വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന് ആണ് ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്‌മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെട്ടത്.















