ലക്നൗ : ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ റീൽ പങ്ക് വച്ച യുവാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. മുഹറത്തിനും കൻവാർ യാത്രയ്‌ക്കും മുമ്പായി സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു റീൽ പങ്ക് വച്ചതെന്നാണ് സൂചന . ആമിർ അലി എന്ന യുവാവിനെതിരെയാണ് ഹിന്ദു സംഘടനകൾ പരാതി നൽകിയത് . ആമിറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 9ന് ഹിമാൻഷു പട്ടേലാണ് ആമിറിന്റെ വീഡിയോ പങ്ക് വച്ച് വിവരങ്ങൾ വ്യക്തമാക്കിയത് . അതിൽ ശ്രീരാമനെക്കുറിച്ച് വളരെ ആക്ഷേപകരമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത് . . ഇത്തരം വീഡിയോകൾ പങ്കുവെച്ച് നാട്ടിലെ അന്തരീക്ഷം നശിപ്പിക്കാനാണ് ആമിർ അലി ഉദ്ദേശിച്ചതെന്നും ഹിമാൻഷു ആരോപിച്ചു.
ബറേലിയിലെ ബരാദാരി പ്രദേശത്തെ താമസക്കാരനാണ് ആമിർ. മുഹറം, കൻവാർ യാത്ര എന്നിവയ്‌ക്ക് മുമ്പ് ഇത്തരം വീഡിയോകൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സംഘർഷം വ്യാപിപ്പിക്കാനാണ് ആമിർ അലി ആഗ്രഹിക്കുന്നതെന്ന് പോലീസ് പറയുന്നു. ആമിർ അലിയുടെ നടപടി ഒരു വിഭാഗം ആളുകളുടെ മതവികാരം വ്രണപ്പെടുത്തുക മാത്രമല്ല, അവർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായെന്നും പരാതിയിൽ പറയുന്നു.















