തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് വിഴിഞ്ഞത്ത് തുടക്കമിട്ട സാൻ ഫെർണാൻഡോ കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകി സർക്കാർ. ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യ മന്ത്രി നിർവഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, മന്ത്രിമാർ- ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് കപ്പലിനെ സ്വീകരിച്ചത്. ബലൂണുകൾ പറത്തിയും ഓഷ്യൻ പ്രസ്റ്റീജ് എന്ന ടഗ്ഗ് വാട്ടർ സല്യൂട്ടു നൽകിയുമാണ് ഔദ്യോഗിക സ്വീകരണം നൽകിയത്. കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും ചടങ്ങളിൽ ആദരിച്ചു.
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയെ സാക്ഷി നിർത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ ശിലാ ഫലകം അനാച്ഛാദനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും പദ്ധതിയുടെ ഭാഗമായവരും വേദിയിൽ ചരിത്ര നിമിഷത്തിന് സാക്ഷിയായി.
രാജ്യത്തെ ഒരു തുറമുഖത്ത് നങ്കൂരമിടുന്ന ആദ്യത്തെ മദർഷിപ്പാണ് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌ക് ചാർട്ടർചെയ്ത സാൻ ഫെർണാൻഡോ. ഇന്നലെ രാവിലെ 9.30-നാണ് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള സാൻ ഫെർണാൻഡോ എന്ന കൂറ്റൻകപ്പൽ വിഴിഞ്ഞത്തെത്തിയത്.