ശ്രീനഗർ: ലഡാക്കിൽ സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സംഭവത്തിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അറ്റകുറ്റപ്പണിക്കിടെ ഒരു ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചിട്ടും സൈനികരുടെ ജീവൻ രക്ഷിക്കാനായില്ലെന്നും പരിക്കേറ്റ സൈനികർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും സൈന്യം അറിയിച്ചു. സൈനികരുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സൈന്യം എക്സിൽ കുറിച്ചു.
ഈ മാസം എട്ടിന് ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ജമ്മുകശ്മീർ പൊലീസ് എന്നിവരെ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.