ആഗ്ര : ഭാര്യ മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ് . ഉത്തർപ്രദേശിലെ ആഗ്ര ഫാമിലി കൗൺസിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത് . ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്നങ്ങൾക്ക് കാരണം .
ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭർത്താവിനെയും മദ്യം കഴിക്കാൻ നിർബന്ധിക്കുന്നു. ഭർത്താവ് വിസമ്മതിച്ചാൽ വഴക്കുണ്ടാകുകയും ചെയ്യും . 4 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ മദ്യത്തിന് അടിമയാണെന്ന് മനസിലായതെന്ന് ഭർത്താവ് പറയുന്നു. താൻ മദ്യപിക്കാറില്ല, പക്ഷേ ഭാര്യ തന്നെ മദ്യപിക്കാനായി നിർബന്ധിക്കുന്നു.
ഭാര്യയുടെ മദ്യപാനത്തെ തുടർന്ന് ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി. ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ മാതൃ വീട്ടിലേക്ക് മടങ്ങി പോയി. പ്രകോപിതയായ ഭാര്യ പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ പരാതിയും നൽകി. പിന്നീട് തർക്കം പരിഹരിക്കാൻ പോലീസ് ഇരുവരെയും ഫാമിലി കൗൺസിലിംഗ് സെൻ്ററിലേക്ക് അയക്കുകയായിരുന്നു.
കൗൺസിലിംഗ് സെൻ്ററിലും ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായി. ദിവസവും മൂന്നും നാലും പെഗ് കുടിക്കാറുണ്ടെന്നും തന്നെയും കുടിക്കാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുന്നതായും ഭർത്താവ് പറഞ്ഞു. എന്തായാലും കൗൺസിലിംഗിലും ഇരുവർക്കും തമ്മിൽ ധാരണയിലെത്താനായില്ലെന്നാണ് റിപ്പോർട്ട്.















