കൊച്ചി: ആംബർഗ്രിസ് (തിമിംഗല ഛർദ്ദി) കൈവശം വച്ചതിന് ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു . കടവന്ത്രയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിൽ ജോലി ചെയ്യുന്ന ജാഫർ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി കടവന്ത്രയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിലെ ഗസ്റ്റ് ഹൗസിലെ ഇവരുടെ മുറിയിൽ നിന്നാണ് തിമിംഗല ഛർദ്ദി കണ്ടെടുത്തത്. ഇതിന് മാർക്കറ്റിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്നു എന്ന് അനുമാനിക്കുന്നു . ഒന്നര കിലോ ഭാരമുള്ള ആംബർഗ്രിസ് ആണ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഇത് യഥാർത്ഥ ആംബർഗ്രിസ് ആണോ അല്ലയോ എന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ.
പിടികൂടിയ പ്രതികളെ പിന്നീട് വനപാലകർക്ക് കൈമാറി. തങ്ങളെ സന്ദർശിച്ച ലക്ഷദ്വീപിൽ നിന്നുള്ള സുഹൃത്ത് ഒരു പാക്കറ്റ് കൈമാറിയെന്നും പാക്കറ്റിൽ ആംബർഗ്രിസ് അടങ്ങിയിട്ടുണ്ടെന്ന് ഇവർക്കറിയില്ല എന്നും ഇവർ പറഞ്ഞു. ഇവരുടെ സുഹൃത്ത് ബുധനാഴ്ച ലക്ഷദ്വീപിലേക്ക് മടങ്ങിപ്പോയി എന്നും പറയുന്നു.
പ്രതിയെ പിടികൂടാൻ പോലീസ് ലക്ഷദ്വീപ് അധികൃതരുമായി ഏകോപിപ്പിച്ച് നടപടികൾ നീക്കി വരികയാണ്. തിമിംഗലങ്ങളുടെ ഛർദ്ദിയിൽ നിന്നാണ് ആംബർഗ്രിസ് രൂപപ്പെടുന്നത്, ഇത് ഉരുപയോഗിച്ച് മരുന്നുകളും സുഗന്ധദ്രവ്യങ്ങളും നിർമ്മിക്കുന്നു.















