തിരുവനന്തപുരം: കേരളത്തിൽ എൻസിപി (ശരദ് പവാർ വിഭാഗം) പിളർന്നു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ചർച്ച നടത്തിയതായി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ അറിയിച്ചു. എൻസിപിയുടെ സംസ്ഥാന ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും വിവിധ ജില്ലാ ഭാരവാഹികളും പാർട്ടി വിട്ടവരിൽ ഉൾപ്പെടുന്നു. എന്‍സിപിയില്‍ 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിവിടുന്നതെന്ന് റെജി ചെറിയാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പി.സി ചാക്കോയ്ക്ക് ഒപ്പം നിന്നവരാണ് പാർട്ടി വിട്ടിരിക്കുന്നത്. പി.സി ചാക്കോ സ്ഥാനമാനങ്ങൾ കൊടുത്തിട്ടുള്ളത് പാർട്ടിക്ക് പുറത്തുനിന്നുള്ള ആളുകൾക്കാണെന്നും ഒരേ ആളുകൾ തന്നെ എക്കാലത്തും അധികാരം പങ്കിടുകയാണെന്നും റെജി ചെറിയാൻ വിഭാഗം ആരോപിച്ചു. സംഘടനയെക്കുറിച്ച് അറിയുന്നവർ ആരും തന്നെ ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നും ഇവർ കുറ്റപ്പെടുത്തി.
കേരളാ കോൺഗ്രസിലേക്ക് പോകുന്നത് ഉപാധികളില്ലാതെയാണെന്നും നേതാക്കൾ വ്യക്തമാക്കി. കുട്ടനാട് എംൽഎ തോമസ് കെ തോമസ് എൻസിപിയിൽ ഏത് വിഭാഗത്തിനൊപ്പമാണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കേരളത്തിൽ ഒരു മന്ത്രിയെ കൊണ്ട് തന്നെ എൻസിപി പൊറുതിമുട്ടിയിരിക്കുകയാണെന്നും റെജി ചെറിയാൻ പരിഹസിച്ചു.
എൻസിപി വിട്ട് യുഡിഎഫിലേക്ക് പോകുന്ന റെജി ചെറിയാൻ വിഭാഗത്തിന്റെ ലയന പ്രഖ്യാപനം ആലപ്പുഴയിൽ അടുത്ത മാസം നടക്കും. നേരത്തെ തോമസ് കെ. തോമസ് – പിസി ചാക്കോ തർക്കം ഉടലെടുത്തപ്പോൾ പിസി ചാക്കോയ്‌ക്ക് ഒപ്പം നിന്നവരാണ് പാർട്ടി വിടുന്നത്.















