എറണാകുളം: കേരളാ ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ അമ്മമാർ ഹൈക്കോടതിയിൽ. 5 പെൺകുട്ടികളുടെ അമ്മമാരാണ് കന്റോൺമെന്റ് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴിൽ അന്വേഷണം നടത്തണമെന്നും കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹർജിയിൽ പറയുന്നു. അതിക്രമങ്ങൾ നടത്താൻ മനുവിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
2019-ൽ മനു ലൈംഗിക ചൂഷണം ചെയ്ത പെൺകുട്ടികളിലൊരാളാണ് ആഴ്ചകൾക്ക് മുമ്പ് പരാതിയുമായി രംഗത്തെത്തിയത്. വാർത്ത പുറത്തുവന്നതോടെ മനുവിനെതിരെ കൂടുതൽ കുട്ടികൾ രംഗത്തുവന്നു. സമാനമായ രീതിയിലാണ് ഇയാൾ പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്തിരുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രതിക്ക് മറ്റുള്ളവരുടെ സഹായവും ലഭിച്ചിട്ടുണ്ട്. അവർ മാഫിയ പോലെയാണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത പ്രതി പണത്തിനുവേണ്ടി അനധികൃത വെബ്‌സൈറ്റുകൾക്ക് ഇവ കൈമാറിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇതിൽ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് മനു ആരെയെല്ലാം സമീപിച്ചിട്ടുണ്ട്, ആരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ട് എന്നത് ഉന്നതതലത്തിൽ അന്വേഷിക്കണം. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് സൈബർ ക്രൈം വിഭാഗം അന്വേഷിക്കണം. പ്രതി മധുരം നൽകിയിരുന്നപ്പോൾ കുട്ടികൾക്ക് തളർച്ച അനുഭവപ്പെട്ടിരുന്നു. അതിക്രമം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം, തെങ്കാശിയിൽ വച്ച് നടന്ന അതിക്രമത്തിൽ ആരുടെയൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ പറയുന്നു. കേസിന്റെ വിശദാംശങ്ങൾ നൽകാൻ പൊലീസ് തയാറാകുന്നില്ലെന്നും അമ്മമാർ ആരോപിച്ചിട്ടുണ്ട്.















