ബെംഗളൂരു: കർണാടകയിൽ വനവാസി വിഭാഗങ്ങൾക്കുള്ള ഫണ്ടിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബി നാഗേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. 13 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാഗേന്ദ്രയെ ഇന്ന് പ്രത്യേക കോടതിയിൽ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് കർണാടക ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. നാഗേന്ദ്രയുടെ വസതികളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. 50 ലക്ഷം രൂപയും കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
കേസിൽ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 87 കോടിയിലധികം സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥർ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് അക്കൗണ്ട് സൂപ്രണ്ട് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിരുന്നു. കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന പി. ചന്ദ്രശേഖറായിരുന്നു ജീവനൊടുക്കിയത്. വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുള്ള ചന്ദ്രശേഖറിന്റെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
സംസ്ഥാന സർക്കാർ നടത്തുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും 187 കോടി രൂപയുടെ അനധികൃത തിരിമറിയാണ് നടന്നത്. നാഗേന്ദ്രയുടെ വകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന പട്ടികജാതി വികസന കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കേസ് വിവാദമായതിനെ തുടർന്ന് വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു.















