കണ്ണൂർ: ഓൺലൈൻ യോഗത്തിനിടെ അസഭ്യം പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. കണ്ണൂർ സൈബർ സെൽ എസ്ഐമാരായ പ്രജീഷ്, സജി ഫിലിംപ് എന്നിവർക്കെതിരെയണ് നടപടി സ്വീകരിക്കുന്നത്. കേരളാ പൊലീസ് അസോസിഷേന്റെ ഓൺലൈൻ യോഗത്തിലാണ് അസഭ്യ വർഷമുണ്ടായത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ എന്നിവർ അംഗങ്ങളായുള്ള കേരളാ പൊലീസ് അസോസിയേഷന്റെ യോഗത്തിനിടെയാണ് സംഭവം. ഉദ്യോഗസ്ഥർ യോഗത്തിൽ അനുവാദമില്ലാതെ കയറുകയായിരുന്നു. ഓൺലൈൻ യോഗത്തിന്റെ ലിങ്ക് ചോർത്തിയാണ് ഇവർ യോഗത്തിലേക്ക് കയറിയത്.
പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ, ജോലി സമ്മർദ്ദങ്ങൾ, വെല്ലുവിളികൾ എന്നിവയെ കുറിച്ച് ചർച്ച നടത്തുന്നതിനിടെയാണ് സ്ഥലകാലബോധമില്ലാതെ ഉദ്യോഗസ്ഥർ സംസാരിച്ചത്. പ്രകോപിതരായ ഇരുവരും അസഭ്യം പറയുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെയാണ് അസഭ്യവാക്കുകൾ പ്രയോഗിച്ചത്.
ഡിപ്പാർട്ട്മെന്റിന് തന്നെ നാണക്കേടാകുമെന്ന് കരുതി ആദ്യം ഇത് ഒതുക്കി തീർക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ യോഗത്തിന്റെ സ്ക്രീൻ റെക്കോർഡുകൾ ഉൾപ്പെടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാൻ തീരുമാനമായത്.
നടപടി സ്വീകരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൃത്യ നിർവഹണത്തിനിടെ സർക്കാർ സംവിധാനം ഉപയോഗിച്ചാണ് യോഗത്തിൽ കയറിയതെന്ന ഗുരുതര ആരാേപണങ്ങളും ഉയരുന്നുണ്ട്.















