ന്യൂഡൽഹി: സിക്കിമിലെ യാക്ലയിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രദേശവാസികൾക്ക് രക്ഷകരായി ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്സ്. പുലർച്ചെയാണ് ഗ്രാമത്തിൽ തീപിടിത്തമുണ്ടായത്. സൈനികരുടെ സമയോചിത ഇടപെടലിലൂടെ ഗ്രാമത്തിലുണ്ടായിരുന്ന നിരവധി കുടുംബങ്ങളെയാണ് രക്ഷിക്കാനായത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ത്രിശക്തി സേന ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാൻ തുടങ്ങി.
പലരും ഉറങ്ങി കിടന്നിരുന്നതിനാൽ ആളുകളെ സ്ഥലത്ത് നിന്ന് മാറ്റുന്നത് ഏറെ പ്രയാസമായിരുന്നു. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാനുള്ള എല്ലാ നടപടികളും സേന കൈക്കൊണ്ടു. ഏറെ പരിശ്രമിച്ചാണ് തീ നീയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ പരിക്കേറ്റ ആളുകളെ സമീപത്തെ ആർമി ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയിരുന്നു. ഇതിന് ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് സൈന്യം അറിയിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.