മുംബൈ: സ്വകാര്യ ആഡംബര കാറിൽ വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് യാത്ര ചെയ്ത ട്രെയിനി ഐഎഎസ് പൂജ ഖേദ്കറിനെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കും. രണ്ടാഴ്ചയ്‌ക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
വസ്‌തുതകൾ മറച്ചുവച്ച് തെറ്റായ കാര്യങ്ങൾ ചെയ്തുവെന്ന് കണ്ടെത്തിയാൽ പൂജ ഖേദ്കർ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ പൂജ ഖേദ്കറിന്റെ അമ്മ തോക്കുചൂണ്ടി കർഷകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് വൻ തോതിൽ ചർച്ചയാവുകയാണ്.
പൂജ ഖേദ്കറിനെതിരെ വിശദമായ അന്വേഷണം നടത്താനാണ് സർക്കാരിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് പൂജ ഖേദ്കറിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരം 27, 000 രൂപ പിഴ അടക്കണമെന്നാണ്. പൂജ ഖേദ്കറിന്റെ വാഹനത്തിന് മുന്നിലും പിന്നിലും മഹാരാഷ്ട്ര ഗവൺമെന്റ് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നും പൊലീസ് പറഞ്ഞു.
പൂജ ഖേദ്കറിന്റെ പേരിൽ മുംബൈയിലെ വിവിധയിടങ്ങളിലായി 22 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൂജ ഖേദ്കറിനെ പൂനെയിൽ നിന്ന് വാഷിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.















