തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. രാവിലെയായിരുന്നു സംഭവം. വൃത്തിയാക്കുന്നതിനിടെ തോട്ടിൽ വെളളം ഉയരുകയും ഇയാൾ ഒഴുക്കിൽപെടുകയുമായിരുന്നു. മാലിന്യം നിറഞ്ഞുകിടക്കുന്ന തോട്ടിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്.
കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരാരിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. രാവിലെ മുതൽ തന്നെ ഇവിടെ ശുചീകരണം നടന്നുവരികയായിരുന്നു. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ വൃത്തിയാക്കാനാണ് ഇറങ്ങിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ വലിയ കൂമ്പാരമാണ് തോട്ടിലുള്ളത്. മഴ കൂടി കണക്കിലെടുത്താണ് തോട് വൃത്തിയാക്കാനുള്ള നടപടികൾ അടിയന്തരമായി ആരംഭിച്ചത്.
ഇന്നലെ രാത്രി മുതൽ തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ തോട്ടിൽ വെളളത്തിന്റെ നിലയും ഉയർന്നിരുന്നു. ജോയ് ഉൾപ്പെടെ നാല് പേരാണ് തോട് വൃത്തിയാക്കാൻ ഇറങ്ങിയത്. ബാക്കി മൂന്ന് പേരും വെളളം ഉയരുന്നതുകണ്ട് കരയ്‌ക്ക് കയറി. ജോയിയോട് കയറി വരാൻ പറഞ്ഞെങ്കിലും അപ്പുറത്തെ വശത്തേക്ക് പോകുയായിരുന്നു. ഇതിനിടെ വെളളം കൂടിയതോടെ പിടിച്ചിരുന്ന കല്ലിലെ പിടിവിടുകയും തോട്ടിൽ വീണുപോകുകയുമായിരുന്നു.