തിരുവനന്തപുരം: കിട്ടും തോറും കൂടുതൽ നേടാൻ ആർത്തി പിടിച്ച് വീണ്ടും കൈ നീട്ടുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന് വലിയൊരു മാതൃകയായി സേവാഭാരതി. ഒരു സംഘടനയും അവർക്ക് ലഭിച്ച ആസ്തികൾ ദാനം ചെയ്തതയായി ആരും കേട്ടിട്ടുണ്ടാകില്ല. ബക്കറ്റ് പിരിവിലൂടെയും മറ്റ് പല പേരുകളിലൂടെയുമെല്ലാം സാധാരണക്കാരുടെ കയ്യിൽ നിന്ന് പരമാവധി പിടിച്ചുപറിക്കാൻ ശ്രമിക്കുന്നവരെ കുറിച്ചുള്ള വാർത്തകൾ നമ്മൾ പതിവായി കാണാറുണ്ട്.
എന്നാൽ ജനങ്ങൾക്ക് വേണ്ടി സേവന മനസ്ഥിതിയോടെ പ്രവർത്തിക്കുന്നവർക്ക് അതിന് ഒരിക്കലും സാധിക്കില്ല. സാധാരണക്കാർക്ക് മുന്നിൽ സേവാഭാരതി വ്യത്യസ്തമാകുന്നത് ഈ ആശയത്തിലൂടെയാണ്. ‘ലോക ഹിതം മമ കരണീയം’ എന്ന ചിന്തയിൽ പ്രവർത്തിച്ച് കൊണ്ട് കൈവശം ലഭിച്ചത് വിട്ടുനൽകിയാണ് സേവാഭാരതി വീണ്ടും മാതൃകയാകുന്നത്.
ഫേസ്ബുക്കിൽ സേവാഭാരതിയെ കുറിച്ച് പ്രചരിക്കുന്ന ചില കുറിപ്പുകളിലെ വരികളാണിത്. സേവാഭാരതി കേരളം നടത്തുന്ന ഭൂദാനം ശ്രേഷ്ഠദാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തെ സൂചിപ്പിച്ച് കൊണ്ട് മാധവ് ശ്രീ എന്ന പ്രൊഫൈലിൽ നിന്നുളള കുറിപ്പ് സേവന തൽപരരായ നിരവധി പേരാണ് പങ്കുവെച്ചത്. സ്വന്തം പേരിൽ ആളുകൾ ദാനം നൽകുന്ന സ്വത്തുക്കൾ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്യുന്നതാണ് സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠദാനം പരിപാടി. ഓരോ സംഘടനയും സ്വന്തം ആസ്തികൾ വിപുലപ്പെടുത്താൻ നോക്കുമ്പോഴാണ് സേവാഭാരതി കർമ്മം കൊണ്ട് തീർത്തും വേറിട്ട സംഘടനയായി മാറുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് കോട്ടയം കെ പി എസ് മേനോൻ ഹാളിൽ ഭൂദാനം ശ്രേഷ്ഠദാനം എന്ന പേരിൽ പരിപാടി നടത്തുന്നത്. സംസ്ഥാനതലത്തിൽ ഭൂദാനയജ്ഞത്തിന് ഔദ്യോഗികമായ തുടക്കമാണ് ഇവിടെ കുറിക്കുന്നത്. നല്ലവരായ ജനങ്ങൾ സേവാഭാരതിക്ക് കൈമാറിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മൂന്ന് ഏക്കറിലധികം ഭൂമിയാണ്, ഭവനരഹിതരായ 47 കുടുംബങ്ങൾക്ക് സേവാഭാരതി ആധാരം ചെയ്ത് കൈമാറുന്നത്. ഈ ആശയത്തിൽ ആകൃഷ്ടരായി കൂടുതൽ ആളുകൾ ഭൂദാനവുമായി സഹകരിച്ച് മുന്നോട്ട് എത്തിയിട്ടുണ്ട്. തൃക്കാക്കര സ്വദേശിയായ ശ്രീ കൃഷ്ണമൂർത്തി തന്റെ കൈവശമുള്ള 70 സെന്റ് ഭൂമിയാണ് സേവാഭാരതിക്ക് കൈമാറിയത്. ഈ ഭൂമി വിഭജിച്ച് 12 കുടുംബങ്ങൾക്കായി കൈാറും. ഇത് ഉൾപ്പെടെയാണ് 47 കുടുംബങ്ങൾക്ക് സേവാഭാരതി സ്ഥലം സമ്മാനിക്കുന്നത്.