ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും എന്ന സ്ഥിരീകരണം വന്നു കഴിഞ്ഞു.2024 ഫെബ്രുവരി ഒന്നിന് അവർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
എന്തുകൊണ്ടാണ് ഭാരതത്തിന് ഈ വർഷം രണ്ട് ബജറ്റുകൾ ഉള്ളത്?
അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പ് കാരണമാണ് ഭാരതത്തിന് ഈ വർഷം രണ്ട് ബജറ്റുകൾ ഉള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച ബജറ്റ് കേവലം ഇടക്കാല ബജറ്റ് ആണ്, അതായത് രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ നിലവിലെ സർക്കാരിന് തുടർച്ചയായി സർക്കാർ ധനലഭ്യത ഉറപ്പാക്കാനുള്ള താൽക്കാലിക നടപടിയാണ് ഇടക്കാല ബജറ്റ്. ഭരണകാലാവധി ബാക്കിയുള്ള സർക്കാരാണ് സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അവതരിപ്പിക്കേണ്ട സമ്പൂർണ ബജറ്റ്, വരുമാനം, ചെലവ്, സാമ്പത്തിക നയങ്ങൾ എന്നിവ ഉൾപ്പെടെ സാമ്പത്തിക വർഷത്തേക്കുള്ള വിശദമായ സാമ്പത്തിക പദ്ധതിയാണ്.
ഇടക്കാല ബജറ്റ് കേവലം ഒരു പരിമിത സാമ്പത്തിക പദ്ധതിയാണ്. ഇതിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള അവശ്യ ചെലവുകൾ മാത്രം ഉൾക്കൊള്ളുന്നു.
സമ്പൂർണ ബജറ്റ് ഇതിനു വിപരീതമായി, ഒരു മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള ഗവൺമെൻ്റിന്റെ ധനപരമായ കാഴ്ചപ്പാട് വിവരിക്കുന്നു.ഒരു സാമ്പത്തിക വർഷത്തിലെ വരവ് ചെലവുകളിൽ വിവിധ മേഖലകൾക്കുള്ള വിഹിതം, നികുതി നിർദേശങ്ങൾ, സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇടക്കാല ബജറ്റും വാർഷിക ബജറ്റും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ
തെരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ സർക്കാർ അവതരിപ്പിക്കുന്ന താൽക്കാലിക നടപടിയായ ഇടക്കാല ബജറ്റ് സാധാരണയായി ചെലവുകൾ മാത്രം പരാമർശിക്കുന്നു.ഇടക്കാല ബജറ്റ് ചർച്ച കൂടാതെ പാസാക്കാം.ഇടക്കാല ബജറ്റ് അടിസ്ഥാനപരമായി വോട്ട് ഓൺ അക്കൗണ്ടാണ്. ഒരു പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ അതിന്റെ ചെലവുകൾ വഹിക്കുന്നതിനായി കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കാൻ ഈ ബജറ്റ് സർക്കാരിനെ അനുവദിക്കുന്നു.(എല്ലാ വരവ് ചിലവുകളും ഉൾപ്പെടുന്ന കേന്ദ്ര ഗവൺമെൻ്റിന്റെ പ്രാഥമിക ഫണ്ടാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ).
ഇടക്കാല ബജറ്റിൽ സാധാരണയായി പ്രധാന നയ മാറ്റ നടപടികളോ നികുതി ഘടനയിലെ മാറ്റങ്ങളോ ഉണ്ടാകില്ല. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇടക്കാല ബജറ്റിൽ പ്രധാന നയപരിപാടികൾ ഒന്നും ഉൾക്കൊള്ളാൻ അനുവദിക്കുന്നില്ല. നിലവിലുള്ള സർക്കാരിന് വോട്ടർമാരുടെ പ്രീതി നേടാനുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ പറ്റില്ല . ഇടക്കാല ബജറ്റിനൊപ്പം സാമ്പത്തിക സർവേ അവതരിപ്പിക്കാൻ അധികാരത്തിലിരിക്കുന്ന സർക്കാരിനും അനുവാദമില്ല.
പക്ഷെ , സമ്പദ്വ്യവസ്ഥ നേരിടുന്ന അടിയന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് നിലവിലെ സർക്കാരിനെ തടയുന്ന ഒരു നിയമവും നിലവിലില്ല
മറുവശത്ത്, തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അവതരിപ്പിക്കുന്ന ഒരു സമഗ്ര സാമ്പത്തിക പദ്ധതിയാണ് സമ്പൂർണ ബജറ്റ്.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112 പ്രകാരം യൂണിയൻ ബജറ്റിനെ വാർഷിക സാമ്പത്തിക പ്രസ്താവന എന്നാണ് പരാമർശിക്കുന്നത്. അതിൽ വരവ്, ചെലവ്, പുതിയ നയങ്ങൾ , നയം മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു. സമ്പൂർണ ബജറ്റ് പാർലമെൻ്റിന്റെ ഇരുസഭകളും സൂക്ഷ്മമായി പരിശോധിക്കുകയും സമഗ്രമായി ചർച്ച ചെയ്യുകയും ചെയ്യുന്നു.
സമ്പൂർണ്ണ ബജറ്റ് പാർലമെൻ്റ് അംഗീകരിക്കണം എന്നത് നിർബന്ധമാണ്. ഇതിന്റെ നിലനിൽപ്പിന്റെ സമയപരിധി സാമ്പത്തിക വർഷാവസാനം മാർച്ച് 31 വരെയായിരിക്കണം. ദീർഘകാല വളർച്ചയും വികസനവും ലക്ഷ്യമിട്ടുള്ള പുതിയ നയങ്ങളും പദ്ധതികളും പരിഷ്കാരങ്ങളും സമ്പൂർണ്ണ ബജറ്റിൽ ഉൾപ്പെടുന്നു.
2024 ലെ പാർലിമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിക്കും. ഇത് ഓഗസ്റ്റ് 12 വരെ നീണ്ടുനിൽക്കും. ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23 ന് കേന്ദ്ര ബജറ്റ് 2024 അവതരിപ്പിക്കും.















