ന്യൂഡൽഹി ; എല്ലാ സർക്കാർ, സ്വകാര്യ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മദ്ധ്യപ്രദേശ് സർക്കാർ . ഡ്രസ് കോഡ് നടപ്പിലാക്കിയതിന് ശേഷം മറ്റേതെങ്കിലും മതാചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് വിദ്യാലയങ്ങളിൽ നിരോധനമുണ്ടാകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമര് പറഞ്ഞു. കഴിഞ്ഞ വർഷം കർണാടക ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ‘ഹിജാബ് വിവാദം’ വിവാദമായതിന് പിന്നാലെയാണ് മദ്ധ്യപ്രദേശ് സർക്കാർ ഈ തീരുമാനമെടുത്തത്.
“ബുർഖ, ഹിജാബ്, ” തുടങ്ങിയ വസ്ത്രങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ “വ്യത്യാസം” സൃഷ്ടിക്കുന്നുവെന്ന പരാതികൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം . മദ്ധ്യപ്രദേശിൽ 50% കോളേജുകളിൽ മാത്രമാണ് ഡ്രസ് കോഡ് ഉള്ളത്.
ഈ മാസം അവസാനം ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷൻ മുതൽ പുതിയ യൂണിഫോം കോഡ് നടപ്പിലാക്കുമെന്ന് ഇന്ദർ സിംഗ് പർമർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം തങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ ഞങ്ങൾ അനുയോജ്യമായ ഒരു ഡ്രസ് കോഡ് നടപ്പിലാക്കും. ഒരു വിഭാഗത്തിനും എതിർപ്പുണ്ടാകില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും കോളേജിൽ ഡ്രസ് കോഡിന്റെ പോസിറ്റീവും പ്രാധാന്യവും ചർച്ച ചെയ്യും . പുറത്ത് നിന്ന് ആരും കോളേജിൽ വരാതിരിക്കാനും ഡ്രസ് കോഡ് സഹായകമാകും ‘ – ഇന്ദർ സിംഗ് പർമർ പറഞ്ഞു.
കോളേജ് വിദ്യാർഥികൾക്കിടയിൽ ഏകീകൃതത കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് പർമർ പറയുന്നു. ഡ്രസ് കോഡിലൂടെ അവർ അച്ചടക്കം പഠിക്കുകയും തുല്യ പരിഗണന ലഭിക്കുകയും ചെയ്യും. അവർ ഒരേ വസ്ത്രം ധരിക്കുന്നതിനാൽ, എല്ലാ വിദ്യാർത്ഥികളും ഒരുപോലെ ആയിരിക്കും, വിദ്യാർത്ഥികൾക്കിടയിൽ വിവേചനം ഉണ്ടാകില്ല- അദ്ദേഹം വ്യക്തമാക്കി.















