ന്യൂഡൽഹി: രാജ്യത്തിന്റെ പ്രത്യക്ഷ നികുതി പിരിവിൽ വൻ കുതിപ്പ്. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ 11 വരെയുള്ള കാലേയളവിൽ 19.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ കണക്കുകൾ പ്രകാരം 5.74 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി ഇനത്തിൽ പിരിച്ചെടുത്തത്.
പ്രസ്തുത കാലേയളവിൽ കോർപ്പറേറ്റ് നികുതി പിരിവിലും റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനം 12.5 ശതമാനം വർധിച്ച് 2.1 ലക്ഷം കോടി രൂപയായി. ഒപ്പം വ്യക്തിഗത ആദായനികുതി 24 ശതമാനം ഉയർന്ന് 3.64 ലക്ഷം കോടി രൂപയായി .
റീഫണ്ടുകൾക്ക് മുമ്പ് മൊത്ത പ്രത്യക്ഷ നികുതി പിരിവ് 6.45 ലക്ഷം രൂപയായാണ്. 23.2 ശതമാനം ഉയർച്ചയാണ് ഇവിടെ ഉണ്ടായത്. ഏപ്രിൽ 1 മുതൽ ജൂലൈ 11 വരെയുള്ള കാലയളവിൽ പ്രത്യക്ഷ നികുതി ഇനത്തിലുളള റീഫണ്ട് 70,902 കോടി രൂപയായി ഉയരുകയും ചെയ്തു.
2024-25 ലെ സമ്പൂർണ ബജറ്റ് ജൂലൈ 23 ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. നികുതി പിരിവിലെ ഉയർച്ച ധനക്കമ്മി നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർബിഐയിൽ നിന്നുള്ള 2.11 ലക്ഷം കോടി രൂപ ലാഭവിഹിതവും പ്രത്യക്ഷ നികുതി,- ജിഎസ്ടി ശേഖരണം എന്നിവയിലുള്ള വർധന സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ മൂന്നാം മോദി സർക്കാരിന് ഊർജ്ജമേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.















