മുംബൈ: തുടർപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയാക്കാൻ പ്രതിക്ക് പരോൾ അനുവദിച്ച് ബോംബെ ഹൈക്കോടതി. ബന്ധുക്കളുടെയും ഉറ്റവരുടെയും മരണം ഉൾപ്പെടയുള്ള ദുഃഖവേളകളിൽ പരോൾ അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് സന്തോഷം പങ്കിടാനും ആയിക്കൂടായെന്ന്. സാധാരണഗതിയിൽ അടിയന്തര സാഹചര്യങ്ങളിലാണ് പരോൾ നൽകാറുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ വാദത്തെ എതിർത്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കുറ്റവാളികൾ പലരുടെയും മകനും അച്ഛനും സഹോദരനും ഭർത്താവുമൊക്കെയാണ്. അവർക്ക് പുറംലോകവുമായി ബന്ധപ്പെടാനും അവരുടെ കുടുംബകാര്യങ്ങളിൽ ഇടപെടാനും ചുരുങ്ങിയ കാലയളവിലേക്ക് ഉപാധികളോടെ പരോൾ അനുവദിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജൂലൈ 9 നാണ് കേസിൽ വിധി പറഞ്ഞത്. പരോളും താത്കാലിക ജാമ്യ വ്യവസ്ഥകളും കുറ്റവാളികളോടുള്ള മനുഷ്യത്വപരമായ സമീപനമായി കാണണമെന്ന് കോടതി വീക്ഷിച്ചു.
2012ലെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ശ്രീവാസ്തവാണ് പരോളിനായി കോടതിയെ സമീപിച്ചത്. പ്രതിയുടെ അപേക്ഷ പ്രകാരം, ഓസ്‌ട്രേലിയയിലെ തുടർവിദ്യാഭ്യാസത്തിനായുള്ള ഒരു കോഴ്‌സിന് മകനെ തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ, താമസ, യാത്രാ ചെലവുകൾക്കായി 36 ലക്ഷം രൂപ നൽകേണ്ടതുണ്ട്. മകനെ യാത്രയാക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പണം സംഘടിപ്പിക്കാനുമാണ് ഇയാൾ ഒരുമാസത്തെ പരോൾ ആവശ്യപ്പെട്ടത്. ഇതിനെതിരായ പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി പ്രതിക്ക് 10 ദിവസത്തെ പരോൾ അനുവദിച്ചു.