കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. തുടർന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെത്തിയാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്.
മത്സ്യബന്ധനത്തിനിടെ കാലാവസ്ഥ മോശമായിരുന്നു. ഉയർന്ന തിരമാലയിലും കടലാക്രമണത്തിലും പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിന്റെ എഞ്ചിനും തകരാറിലായതോടെ ഇവർ കടലിൽ കുടുങ്ങുകയായിരുന്നു.
തീരത്ത് നിന്ന് ഏകദേശം 7 നോട്ടിക്കൽ മൈൽ അകലത്തിലായിരുന്നു ഇവർ കുടുങ്ങിയത്. 25 ഓളം മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. മറൈൻ എൻഫോഴ്‌സ്‌മെന്റിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മത്സ്യത്തൊഴിലാളികളെ സുരക്ഷിതരായി കരയ്‌ക്കെത്തിക്കുകയായിരുന്നു.















