മഞ്ഞ് പെയ്യുന്ന മലനിരകളിൽ സദാ ഭഗവദ് മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷം. അവിടെ ഒരു ദശാബ്ദത്തിലധികം സാക്ഷാൽ ബദരീനാഥന്റെ പ്രധാന പൂജകൻ (റാവൽജി) ആകാനുളള നിയോഗം. ഒരു മനുഷ്യജീവിതത്തിൽ അപൂർവ്വമായി ലഭിക്കുന്ന ഭാഗ്യം. ജീവിതത്തിൽ ലഭിച്ച ആ നിയോഗം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുകയാണ് കണ്ണൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി.
ജഗത് ഗുരു ആദി ശങ്കരാചാര്യരുടെ നിർദേശാനുസരണം കേരളീയ താന്ത്രിക വിധിപ്രകാരം പൂജകൾ നടക്കുന്ന ബദരീനാഥ് ക്ഷേത്രത്തിൽ വിഗ്രഹം തൊട്ട് പൂജ ചെയ്യുവാനും, അതിന് നേതൃത്വം വഹിക്കുവാനുള്ള അധികാരവും റാവൽജിയിൽ മാത്രം നിക്ഷിപ്തമാണ്. അമ്പലപ്പുഴ പുതുമന ബ്രഹ്‌മശ്രീ ശ്രീധരൻ നമ്പൂതിരിയുടെ ശിഷ്യനായ ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിക്ക് ഒരു നിയോഗം പോലെ അതിനുളള ഭാഗ്യം ലഭിക്കുകയായിരുന്നു.
3 വർഷം തുടർച്ചയായി ഭഗവാനെ സേവിച്ചാൽ ദേവഗണങ്ങൾ അദ്ദേഹത്തെ അർച്ചകനായും, 8 വർഷത്തെ സേവയിലൂടെ നാരദ മഹർഷിയുടെ ശിഷ്യനായും, തുടർന്നുള്ള ഓരോ അധിക വർഷവും പ്രഥമ ശിഷ്യനിരയിലേക്കും ഉയരുമെന്നുമാണ് വിശ്വാസം. അവിടെയാണ് ഒരു ദശാബ്ദത്തിലധികമായി അദ്ദേഹം റാവൽജിയായി ഭഗവദ് പൂജകൾ നിർവ്വഹിച്ചുവന്നത്.
ബദരിനാഥനോട് അചഞ്ചലഭക്തി പുലർത്തുന്ന അദ്ദേഹം 11 വർഷമായി മുഖ്യ റാവൽ ആണ്. അതിനും അഞ്ച് വർഷം മുമ്പ് 2008 ലാണ് ഈശ്വര പ്രസാദ് നമ്പൂതിരി ബദരിയിലെത്തുന്നത്. അഞ്ച് വർഷത്തോളം നൈബ് റാവലായി സേവനമനുഷ്ഠിച്ച ശേഷം ഒരു നിയോഗം പോലെയാണ് 2013 ൽ അദ്ദേഹം മുഖ്യ പൂജാരിയായി ചുമതലയേൽക്കുന്നത്.

11 വർഷങ്ങൾ ബദരിയിൽ റാവൽജിയായി സേവനം അനുഷ്ഠിക്കുകയെന്നത് സാധാരണക്കാർക്ക് എളുപ്പമല്ല. കഴിഞ്ഞ അറുപത്തിയഞ്ച് വർഷത്തിനിടെ ഇത്ര ദീർഘമായ കാലം ബദരിനാഥനെ പൂജിക്കാൻ ആർക്കും സാധിച്ചിട്ടില്ലത്രേ. 16 വർഷം നീണ്ട ഈ നിയോഗം ലഭിച്ചതിന് ഭഗവാന്റെ അനുഗ്രഹം എന്നു മാത്രമേ റാവൽജിക്ക് പറയുവാനുള്ളൂ.
പ്രായമായ അമ്മയെ പരിചരിക്കുകയെന്ന പുത്രധർമ്മമാണ് ഈശ്വര പ്രസാദ് നമ്പൂതിരിയെ ഇപ്പോൾ സ്ഥാന ത്യാഗത്തിന് പ്രേരിപ്പിച്ചത്. അതും ഒരു ഭഗവദ് നിയോഗം എന്ന് അദ്ദേഹം പറയുന്നു. ടെഹ്രി മഹാരാജാവിൽ നിന്നും ‘പട്ടും വളയും’ ഉൾപ്പെടെ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ നാമത്തിലുള്ള ‘ശങ്കരസ്മൃതി’ പുരസ്‌കാരം ലഭിച്ച ആദ്യത്തെ റാവൽജിയാണ് ഇദ്ദേഹം.
ലോകം ഒന്നാകെ നിശ്ചലമായ കോവിഡ് 19 മഹാമാരിയുടെ സമയത്തും ഭഗവദ് പൂജ മുടങ്ങരുതെന്ന ദൃഢനിശ്ചയത്തോടെ കേരളത്തിൽ നിന്നും റോഡ് മാർഗം ഉത്തരാഖണ്ഡിൽ എത്തി ക്ഷേത്ര കവാടം തുറന്ന് അദ്ദേഹം പൂജകൾ നടത്തിയിരുന്നു. ലക്ഷക്കണക്കിന് വിശ്വാസികളുടെ ആശ്രയവും അഭയവും ആരാധനാമൂർത്തിയുമായ ഭഗവാനോട് പുലർത്തിയ ആത്മാർഥവും, അചഞ്ചലവുമായ ഭക്തിയും ആത്മസമർപ്പണവും ആയിരുന്നു അതിന് പിന്നിൽ.
ബദരിനാഥിൽ പുതിയ മുഖ്യപൂജാരിയായി കണ്ണൂർ സ്വദേശി അമർനാഥ് നമ്പൂതിരി ചുമതലയേൽക്കും | BADRINATH | RAWALJI
ചാർ ധാം യാത്രാ സമയത്ത് ബദരീനാഥ് ശ്രീകോവിലിനു മുന്നിൽ ദർശനം നടത്തുന്ന ഏതൊരു ഭക്തനും ഉണ്ടാകുന്ന അനുഭൂതി അനിർവചനീയമായമാണ്. 2014 മുതൽ കേരളീയമായ പൂജാ അലങ്കാര സമ്പ്രദായം നിർബന്ധമായും പാലിച്ചു പോരുന്ന ഇടം. അതിന് പിന്നിലും റാവൽജി ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിയുടെ ദൃഢനിശ്ചയമായിരുന്നു. വൈക്കം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, ആറന്മുള തന്ത്രി പറമ്പൂർ ഭട്ടതിരിമാർ ഉൾപ്പടെയുള്ളവർക്കൊപ്പം അനുഷ്ഠിച്ച പ്രതിഷ്ഠാദി ചടങ്ങുകൾ റാവൽജിയുടെ സേവന മനസിന്റെ മറ്റൊരു ഉദാഹരണമാണ്.
കഴിഞ്ഞ 22 വർഷമായി ബദരികാശ്രമത്തിൽ ഉളള സേവകരാണ് പുതുമന രാജേഷ് നമ്പൂതിരിയും, കുണ്ടംകുഴി ഇല്ലത്ത് നാരായണൻ നമ്പൂതിരിയും. ഇരുവരും കണ്ണൂർ സ്വദേശികൾ. റാവൽജിക്കൊപ്പം ഇവരും സദാ സേവനനിരതരാണ്. ഇവർക്കൊപ്പം ഉത്തരാഖണ്ഡ് സ്വദേശികളായ ദർശൻ സിംഗ്, യോഗേഷ് പുരോഹിത് എന്നിവരും വർഷങ്ങളായി റാവൽജിയുടെ സഹായികളായി ഇവിടെയുണ്ട്.

ബദരീനാഥ് റാവൽജി എന്ന നിലയിൽ 10 ഗ്രാമങ്ങളിലെങ്കിലും, വൈദ്യുതിയും വിദ്യാഭ്യാസ, ചികിത്സാ, മൊബൈൽ നെറ്റ്വർക്ക് സൗകര്യങ്ങളും ഏർപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു ഇടപെടൽ ഉണ്ടാകുന്നത്. ഗ്രാമവാസികൾക്ക് അദ്ദേഹത്തോടുള്ള സമീപനത്തിൽ നിന്നും അവരുടെ മനസിലും അദ്ദേഹം എത്രത്തോളം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാകും. ഔദ്യോഗിക പദവി ഒഴിയുന്നുവെങ്കിലും, അവരുടെ അവിടുത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ തന്റെ സാന്നിദ്ധ്യം ഇനിയും ഉണ്ടാകുമെന്ന് ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി വാക്ക് നൽകിയിട്ടുണ്ട്.
കണ്ണൂർ പിലാത്തറ വടക്കേ ചന്ദ്രമന ഇല്ലത്തെ വിഷ്ണു നമ്പൂതിരിയുടെയും, സുഭദ്ര അന്തർജ്ജനത്തിന്റെയും മകനാണ് ബ്രഹ്‌മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി. ശങ്കരാചാര്യരുടെ കാലം തൊട്ട് മലയാള ബ്രാഹ്‌മണർ മാത്രമേ റാവൽജി ആകാറുള്ളൂ. ബദരിനാഥ് റാവൽജി എന്നത് കേവലം ഒരു ക്ഷേത്ര മേൽശാന്തി എന്നതിനപ്പുറം വലിയ ഒരു ചുമതല കൂടിയാണ്. മുൻപ് ഉത്തരകാശിക്ക് അപ്പുറമുള്ള ആയിരത്തോളം ചെറുഗ്രാമങ്ങൾ ബദരിനാഥ ക്ഷേത്രത്തിനു കീഴിൽ ആയിരുന്നു. ഇവിടത്തെ ഭരണം പോലും റാവൽജി ആയിരുന്നു നടത്തിയിരുന്നത്. ഇന്ന് ജനാധിപത്യ സർക്കാർ വന്ന ശേഷവും സർക്കാർ തലത്തിൽ ബദരി റാവൽജിക്ക് ഉന്നത പദവി ഉണ്ട്. ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പദവിയും അദ്ദേഹത്തിനുണ്ട്.
കസ്തൂരി രാജ വംശത്തിന്റെ കയ്യിലായിരുന്നു ഒരു കാലത്ത് ബദര്യാശ്രമവും മറ്റ് സമീപ സ്ഥലങ്ങളും. നാരായാണ പർവ്വതത്തിന്റെ കീഴിൽ സ്വയംഭൂ ആയി കണ്ട സാളഗ്രാമശില കസ്തൂരി വംശജർ ബദരിനാഥനായി കണ്ട് ആരാധിച്ച് പോന്നു. എന്നാൽ തിബറ്റന്മാരുടെ ആക്രമണത്തിൽ കസ്തൂരി രാജ വംശം തകർന്നു. ബദര്യാശ്രമം അടക്കം സകലതും അവർ തകർത്തെറിഞ്ഞു. ബദരിനാഥന്റെ സ്വയംഭൂ വിഗ്രഹം തകർത്ത് അവർ അളകനന്ദയിൽ എറിഞ്ഞു.
ആദി ശങ്കരാചാര്യ സ്വാമികളുടെ നിർദ്ദേശാനുസരണം അനുവർത്തിച്ചു വരുന്ന ചിട്ടയുടെയും, ആചാരത്തിന്റെയും ഭാഗമായി ഇക്കഴിഞ്ഞ 4 വർഷക്കാലമായി നിലവിലെ റാവൽജിയുടെ സഹായിയും, ഉപരി ശിഷ്യനുമായ നൈബ് റാവൽ സ്ഥാനം പാലിച്ചു വരുന്ന കേരളത്തിൽ നിന്നു തന്നെയുള്ള ബ്രഹ്‌മശ്രീ അമർനാഥ് നമ്പൂതിരിക്ക് (ശങ്കരൻ നമ്പൂതിരി) റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി, കലാശാഭിഷേകത്തോടെ തികച്ചും ഗോപ്യമായ മൂലമന്ത്രം ഉപദേശിച്ചു ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
നിലവിലെ റാവൽജിയിൽ നിക്ഷിപ്തമായ ഈ ചുമതല ക്ഷേത്ര പൂജാവേളയിൽ അദ്ദേഹത്തിന്റെ സഹായികളായ ഉത്തരാഖണ്ഡിലെ ഡിമിരി ഗ്രാമത്തിൽ നിന്നുമുള്ള ബടുവ എന്ന സ്ഥാനനാമത്തിൽ അറിയപ്പെടുന്ന ബ്രാഹ്‌മണർക്ക് പ്രത്യേകം തിലദാനാദികൾ ചെയ്ത്, ക്ഷേത്ര ധർമ്മാധികാരി രാധാകൃഷ്ണ തപ്ത്യാൽ, വേദപാഠികൾ, മറ്റു ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അനേകം ഉദ്യോഗസ്ഥരുടെയും, ഭക്തരുടെയും മഹനീയ സാന്നിധ്യത്തിൽ ആണ് നടക്കുക.















