വാഷിംഗ്ടൺ: പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ യുഎസ് മുൻ പ്രസിഡന്റ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിന് പിന്നാലെ സുരക്ഷ ശക്തമാക്കി. എല്ലാ വിധ സുരക്ഷാ നടപടികളും എടുത്തിട്ടുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തത വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കുകയുള്ളൂവെന്നും രഹസ്യാന്വേഷണ ഏജൻസി വക്താവ് ആന്റണി ഗുഗ്‌ലിയമി അറിയിച്ചു.
ട്രംപ് വേദിയിൽ പ്രസംഗിക്കുമ്പോഴാണ് സംഭവം നടന്നത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവയ്പ്പിന് ശേഷം ട്രംപിന്റെ ചെവിയുടെ ഭാഗത്തായി ചോരപ്പാടുകളും വീഡിയോയിൽ കാണാം.
ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ ജോ ബൈഡൻ രംഗത്തെത്തി. ഇത്തരം ആക്രമണങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ബൈഡൻ എക്സിൽ കുറിച്ചു.