വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുൻ പ്രസിഡന്റ് ബരാക് ഒബാമയും. ഇത്തരം അക്രമങ്ങൾക്ക് നമ്മുടെ രാജ്യത്ത് സ്ഥാനമില്ലെന്ന് ആയിരുന്നു കമലാ ഹാരിസിന്റെ പ്രതികരണം.
ഇത്തരം അനിഷ്ടകരമായ പ്രവൃത്തികളെ എല്ലാവരും അപലപിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ട കമലാ ഹാരിസ് സംഭവം കൂടുതൽ അക്രമങ്ങളിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. എക്‌സിലൂടെ ആയിരുന്നു കമല ഹാരിസിന്റെ പ്രതികരണം. അക്രമത്തിന് പിന്നാലെ അടിയന്തര ഇടപെടൽ നടത്തിയ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെയും പ്രാദേശിക ഭരണകൂടത്തെയും കമലാ ഹാരീസ് പ്രശംസിച്ചു.
ട്രംപിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് കരുതുന്നതെന്ന് കമല ഹാരിസ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിനും കുടുംബത്തിനും സംഭവത്തിൽ പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് എക്‌സിൽ കുറിച്ചു.
നമ്മുടെ ജനാധിപത്യത്തിൽ രാഷ്‌ട്രീയ അക്രമങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ആയിരുന്നു മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പ്രതികരണം. ട്രംപിന് കാര്യമായ പരിക്കുകളില്ലെന്നത് ആശ്വാസകരമാണെന്നും ഒബാമ പറഞ്ഞു.
പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റത്. വേദിയിൽ പ്രസംഗിക്കവെ ട്രംപിന് നേരെ അക്രമി വെടിവയ്‌ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ട്രംപിന് സംരക്ഷണ വലയം തീർത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വലതു ചെവിക്ക് പരിക്കേറ്റ ട്രംപിന് വൈദ്യ സഹായവും ഉടൻ ലഭ്യമാക്കി.















