മുംബൈ: ഘാട്‌കോപർ പരസ്യ ബോർഡ് അപകടത്തിൽ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം 3,299 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 102 പേരുടെ സാക്ഷി മൊഴികൾ ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചത്. മെയ് 13 ന് നടന്ന അപകടത്തിൽ 17 ലധികം പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ (ബിഎംസി) രണ്ട് ഉദ്യോഗസ്ഥരുടെയും മറ്റ് ആറ് ഉദ്യോഗസ്ഥരുടെയും മൊഴികൾ പ്രധാന സാക്ഷി മൊഴികളായി ചേർത്തിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട 17 പേരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികളും കുറ്റപത്രത്തിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, തകർച്ച നേരിട്ട് കണ്ടവർ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ട സമീപത്തെ തൊഴിലാളികൾ തുടങ്ങിയവരെയും പ്രധാന സാക്ഷികളായി ചേർത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഹോർഡിംഗിന്റെ ഉടമ ഭവേഷ് ഭിൻഡെ, കരാർ ലഭിക്കുമ്പോൾ കമ്പനിയിൽ ഉണ്ടായിരുന്ന ഭിൻഡെയുടെ മുൻ ജീവനക്കാർ – ജാൻവി മറാത്തെ, സാഗർ പാട്ടീൽ എന്നിവരും പരിശോധന കൂടാതെ സ്ഥിരത സർട്ടിഫിക്കറ്റ് നൽകിയ സ്ട്രക്ചറൽ എഞ്ചിനീയർ മനോജ് സന്ധു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് നാലുപേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.















