എറണാകുളം: ദുഷ്‌കരമായ സാഹചര്യത്തിലും ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന ദൗത്യ സംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വളരെയധികം ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്‌സ് സംഘത്തിന്റെ കഠിന പ്രയ്തനം കാണാതെ പോകരുതെന്നും കാണാതായ ജോയിയെ വേഗത്തിൽ കണ്ടെത്താൻ സാധിക്കട്ടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സ്‌കൂബാ സംഘത്തിന് മതിയായ സുരക്ഷാ സംവിധാനങ്ങൾ നൽകണം. അവരുടെ ആരോഗ്യത്തിന് മുൻഗണ നൽകണമെന്നും കൃത്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. അഴുക്കുചാലുകളിലും ഓടകളിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിൽ പൊതുജനങ്ങളുടെ പങ്ക് വലുതാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫയർഫോഴ്‌സ് മേധാവിയെ ഫോണിൽ വിളിച്ച ശേഷം സ്ഥിതിഗതികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിലയിരുത്തിയിരുന്നു.
നിലവിൽ ശുചീകരണത്തൊഴിലാളിക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ 30 മണിക്കൂർ പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താൻ സാധിക്കാതെ വരുന്നത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു. തോട്ടിൽ മൂടിക്കിടക്കുന്ന ടൺക്കണക്കിന് മാലിന്യങ്ങളും ചെളിയുമാണ് വെല്ലുവിളി ഉയർത്തുന്നതെന്ന് സ്‌കൂബാ സംഘം വ്യക്തമാക്കി.