ന്യൂഡൽഹി: ഹാനോയിയിൽ ഇന്ത്യൻ കമ്മീഷന്റെ ഡെപ്യൂട്ടി ചീഫായി സേവനമനുഷ്ഠിക്കുന്ന സുഭാഷ് പ്രസാദ് ഗുപ്തയെ സുരിനാമിലെ ഇന്ത്യൻ അംബാസിഡറായി നിയമിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ഫോറിൻ സർവീസിലെ 2006 ബാച്ച് ഓഫീസറാണ് സുഭാഷ് പ്രദേശ് ഗുപ്ത. അദ്ദേഹം ഉടൻ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയും സുരിനാമും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിക്കുന്നത് 1976ലാണ്. സുരിനാമിലെ പരമാരിബോയിൽ ഇന്ത്യൻ എംബസി 1977ലും ഡൽഹിയിൽ സുരിനാമി എംബസി 2000-ലും സ്ഥാപിതമായി.
സുരിനാം പ്രസിഡൻ്റ് സന്തോഖിയുടെ ക്ഷണപ്രകാരം 2023-ൽ രാഷ്‌ട്രപതി ദ്രൗപതി മുർമു സുരിനാം സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഈ സന്ദർശനത്തിന് സാധിച്ചു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സുരിനാമിൽ നിന്നുള്ള പ്രതിനിധി സംഘം രാമജന്മഭൂമിയായ അയോദ്ധ്യ സന്ദർശിക്കാൻ ഭാരതത്തിലെത്തിയിരുന്നു.















