പ്രമുഖ നടൻ മാത്യു തോമസ് നായകനാകുന്ന ഹൊറർ കോമഡി ചിത്രത്തിലേക്ക് നവാഗതരെ തേടി അണിയറ പ്രവർത്തകർ. സുഡാനി ഫ്രം നൈജീരിയ, കെട്ടോള്യാളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങളുടെ എഡിറ്റർ നൗഫൽ അബ്ദുള്ള സംവിധാന കുപ്പായമണിയുന്ന ആദ്യ ചിത്രത്തിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവര് ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.
വളരെ രസകരമായ രീതിയിലാണ് കാസ്റ്റിംഗ് കോൾ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചുവായിൽ വലിയ വർത്താനം പറയുന്ന 10-നും 12-നുമിടയിൽ പ്രായമുള്ള ചെക്കനെയും കറകളഞ്ഞ മദ്യപാനിയെയും ചുരുളൻ മുടിയുള്ള ആറ് വസുകാരനെയുമൊക്കെയാണ് ചിത്രത്തിലേക്കായി ക്ഷണിക്കുന്നത്.
ഏത് മതിലും നിഷ്പ്രയാസം ചാടുന്ന അക്രോബാറ്റിക് യുവാവിനെയും കുത്തിത്തിരിപ്പിൽ ഡിപ്ലോമയെടുത്ത കൂട്ടുകാരിയെയും ഹൊറർ കോമഡി ചിത്രത്തിലേക്ക് തിരയുന്നുണ്ട്. വയനാടുള്ളവർക്ക് മുൻഗണനയെന്നും അറിയിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കോളിൽ തന്നെ ഇത്രയധികം ചിരിയൊളിപ്പിച്ചു വച്ചിരിക്കുകയാണെങ്കിൽ സിനിമ എത്രത്തോളം ചിരിപ്പിക്കുമെന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.















