ഒന്നിണങ്ങി കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവരാണ് മൃഗങ്ങൾ. ഒരു ഉപദ്രവവും ചെയ്തില്ലെങ്കിലും മൃഗങ്ങളെ ദ്രോഹിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തുറന്നുകാണിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇന്തോനേഷ്യയിലെ തമൻ സഫാരി പാർക്കിലെ ഹിപ്പോകൾക്ക് ഭക്ഷണം നൽകുകയാണ് ഒരുകൂട്ടം വിനോദസഞ്ചാരികൾ. കാരറ്റും കാബേജുമുൾപ്പെടെയുള്ള പച്ചക്കറികൾ ഹിപ്പോകൾക്ക് നൽകുന്നതിനിടയിലാണ് ഒരാൾ പ്ലാസ്റ്റിക് ബാഗ് എറിഞ്ഞു കൊടുത്തത്. ഇയാൾ പെട്ടന്ന് എറിഞ്ഞതിനാൽ പാർക്കിലെ സുരക്ഷാ ജീവനക്കാർക്കോ മറ്റ് വിനോദസഞ്ചാരികൾക്കോ ഇത് തടയാനായില്ല. ഹിപ്പോയാകട്ടെ പ്ലാസ്റ്റിക് ബാഗ് ചവച്ചരയ്‌ക്കാനും തുടങ്ങി.
A safari park visitor threw a plastic bag into the mouth of a Hippopotamus at the Taman Safari in Indonesia pic.twitter.com/PfApqNusgt
— non aesthetic things (@PicturesFoIder) July 8, 2024
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇയാൾക്കെതിരെ കമന്റുകളുമായി രംഗത്തെത്തിയത്. ഇത്തരം ഹീനപ്രവൃത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും മൃഗശാല ജീവനക്കാർ മൃഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തമണമെന്നും തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്.
അതേസമയം, പ്ലാസ്റ്റിക് ബാഗ് എറിഞ്ഞ ആൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പാർക്ക് അധികൃതർ അറിയിച്ചു. നിലവിൽ ഹിപ്പോയുടെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.















