കൊൽക്കത്ത: നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ രാജ്ഭവന്റെ പരിഗണനയിലാണെന്ന മമതാ സർക്കാരിന്റെ വാദം തള്ളി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. എട്ട് ബില്ലുകളിൽ ആറെണ്ണം രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനയ്‌ക്കായി നീക്കിവച്ചിരിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. സർക്കാർ സമർപ്പിച്ച ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ആറ് ബില്ലുകൾ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനക്കായി നീക്കിവച്ചിട്ടുണ്ട്. മറ്റൊന്നിന്റെ നടപടികൾ നടന്നുവരികയാണ്. വിശദീകരണം തേടി സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധിയും രാജ്ഭവനിൽ വന്നിട്ടില്ല. രാജ്ഭവനിൽ ഒരു ബില്ലും കെട്ടിക്കിടക്കുന്നുമില്ല. സർക്കാരിന്റെ വാദങ്ങൾ തികച്ചും തെറ്റാണ്. വസ്തുതകൾ പരിശോധിക്കാനോ സംഭവത്തെ കുറിച്ച് വ്യക്തമായി അറിയാനോ തയ്യാറാകാതെ എന്തിനാണ് മമതാ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും” ഗവർണർ ചോദിച്ചു.
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലാ ബില്ലുകളുമായി ബന്ധപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 2022-ലെ ആറ് ഭേദഗതി ബില്ലുകളാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനയ്‌ക്കായി നീക്കിവച്ചിരിക്കുന്നത്. സർവ്വകലാശാല വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടതാണ് ബിൽ.
2023-ലെ ചില പ്രധാനപ്പെട്ട ബില്ലുകളിൽ വിശദീകരണം തേടി സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്ഭവനിലേക്ക് അയക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്നും രാജ്ഭവനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.















