വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അക്രമി വെടിയുതിർത്ത സംഭവം പ്രാദേശിക തീവ്രവാദ പ്രവർത്തനമെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. മാത്യു ക്രൂക്‌സ് എന്ന ഇരുപതുകാരനാണ് വെടിയുതിർത്തത്. വെടിവയ്പ്പിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
മാത്യു ക്രൂക്‌സ് മാത്രമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും എഫ്ബിഐയുടെ നാഷണൽ സെക്യൂരിറ്റി ബ്രാഞ്ച് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഡയറക്ടർ റോബർട്ട് വെൽസ് പറഞ്ഞു. എഫ്ബിഐക്കാണ് അന്വേഷണത്തിന്റെ ചുമതല.
” കൊലപാതക ശ്രമം എന്നതിന് പുറമെ, പ്രാദേശിക തീവ്രവാദം എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ ഏജൻസികളുമായി ചേർന്നാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. വെടിവച്ചയാൾ മരിച്ചുവെന്നത് ഒരു രീതിയിലും അന്വേഷണത്തെ ബാധിക്കില്ല. നിലവിൽ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിന് പരിമിതികൾ ഉണ്ടെന്നും” എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു.
മാത്യു ക്രൂക്‌സിന് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി സൂചനയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തിന് മുൻപ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ ഏതെങ്കിലും തരത്തിലുള്ള പോസ്റ്റുകളോ കുറിപ്പുകളോ പങ്കുവച്ചിരുന്നോ എന്ന കാര്യവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ട്. പെൻസിൽവാനിയയിലെ ബെതൽപാർക്കിൽ നിന്നുള്ളയാളാണ് തോമസ് ക്രൂക്‌സ്. രണ്ട് മാസം മുൻപാണ് ഇയാൾ എഞ്ചിനീയറിംഗ് സയൻസിൽ അസോസിയേറ്റ് ബിരുദം നേടിയത്. ഈ സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും, അതീവ ദു:ഖമുണ്ടെന്നുമാണ് സ്‌കൂൾ അധികൃതർ വിഷയത്തിൽ പ്രതികരിച്ചത്.