കൊച്ചി: സർക്കാർ ഓഫീസുകൾ സ്മാർട്ടാക്കാൻ ഇനി എഐ സാങ്കേതികവിദ്യ. കെൽട്രോൺ വികസിപ്പിച്ചിച്ചെടുത്ത എഐ സോഫ്റ്റ്‌വെയർ ടൂളുകളാണ് ഈ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഡിജി സ്മാർട്ട്, കെല്ലി എന്നീ എഐ സോഫ്റ്റ്‌വെയർ ടൂളുകളാണ് സർക്കാർ ഓഫീസ് പ്രവർത്തനങ്ങളിൽ സഹായവുമായെത്തുന്നത്.
ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ സഹായിക്കുന്ന ടൂളാണ് ഡിജി സ്മാർട്ട്. ഇതുപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യുമ്പോൾ 10 പേർ ചെയ്യുന്ന ജോലി ഒരാൾക്ക് ചെയ്യാനാകും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കെൽട്രോൺ നിർമ്മിച്ച ചാറ്റ് ബോട്ടാണ് കെല്ലി. വെർച്വൽ റിസപ്ഷനിസ്റ്റായി ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. ജനങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കെല്ലി കൃത്യമായി ഉത്തരം നൽകും.
നിർമ്മിത ബുദ്ധിയുടെ സേവനങ്ങൾക്കായി വിവിധ വകുപ്പുകൾ കെൽട്രോണുമായി ചർച്ച നടത്തുന്നതായാണ് വിവരം. എഐ സാങ്കേതിക വിദ്യയുടെ കടന്നുവരവ് സർക്കാർ ഓഫീസ് പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.