ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിലെ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സഹായകമായ വെബ് പോർട്ടൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹമാരാ സംവിധാൻ ഹമാരാ അഭിമാൻ (നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം) എന്ന പേരിലുള്ള വെബ് പോർട്ടലാണ് പുറത്തിറക്കുന്നത്. ജനങ്ങളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.
ഇന്ത്യ റിപ്പബ്ലിക്കായി മാറിയതിന്റെയും ഭരണഘടന അംഗീകരിച്ചതിന്റെയും 75-ാം വാർഷികത്തിന്റെ സ്മരണയ്‌ക്കായി പ്രയാഗ് രാജിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിലാണ് പോർട്ടൽ ഉദ്‌ഘാടനം ചെയ്യുന്നത്.
ഭരണഘടനയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി നിയമ മന്ത്രാലയം, വിവിധ ഹൈക്കോടതികൾ, ബാർ അസോസിയേഷനുകൾ, നിയമ സർവ്വകലാശാലകൾ എന്നിവയുടെ സഹായത്തോടെ വിവിധ പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. നിയമ മന്ത്രാലയത്തിന്റെ കേന്ദ്ര മേഖലാ സ്കീമായ ‘ദിശ’ പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുന്നത്.