ഭുവനേശ്വർ: 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ‘ശ്രീ രത്‌ന ഭണ്ഡർ’ തുറന്നു. ഒറീസ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പാധി, എഎസ്ഐ സൂപ്രണ്ട് ഡിബി ഗദനായക്, പുരിയിലെ രാജാവായ ഗജപതി മഹാരാജയുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രീ രത്ന ഭണ്ഡാർ തുറന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ നിധിയുടെ ശാസ്ത്രീയ മൂല്യനിർണം ഉടൻ ഉണ്ടാവില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ശ്രീ രത്‌ന ഭണ്ഡർ എന്ന അമൂല്യ നിധി……
ശ്രീ ജഗന്നാഥ മഹാപ്രഭുവിന് സമർപ്പിച്ച സ്വർണ്ണം, രത്നങ്ങൾ മുതലായവയാണ് രത്ന ഭണ്ഡാരത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ് പുരിയിൽ ക്ഷേത്രം നിർമ്മിച്ചത് . സ്വർണ്ണം, വെള്ളി കിരീടങ്ങൾ, വളകൾ, നെക്ലേസുകൾ, പലതരം പാത്രങ്ങൾ, മറ്റ് ആഭരണങ്ങൾ, അമൂല്യമായ മതപരമായ കലാവസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗജപതി രാജവംശത്തിലെ രാജാക്കന്മാർ നിധിയിലേക്ക് പ്രധാന സംഭാവന നൽകിയിട്ടുണ്ട്. ജഗന്നാഥന്റെ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കാൻ അനംഗഭീം ദേവ് 250 കിലോയിലധികം സ്വർണ്ണം സംഭാവന ചെയ്തിരുന്നു. ഗജപതി കപിലേന്ദ്ര ദേവ് 1466-ൽ ജഗന്നാഥന് ധാരാളം സ്വർണ്ണം, രത്നക്കല്ലുകൾ, എന്നിവ ദാനം ചെയ്തതായി പറയുന്നു. ഈ വർഷം ജനുവരിയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, രത്‌നഭണ്ഡാരത്തിൽ 149.47 കിലോഗ്രാം സ്വർണാഭരണങ്ങളും 198.79 കിലോഗ്രാം വെള്ളി ആഭരണങ്ങളും പാത്രങ്ങളും ഉണ്ടായിരുന്നതായി ക്ഷേത്രഭരണസമിതി അറിയിച്ചു.
രത്‌ന ഭണ്ഡാരത്തിൽ അടങ്ങിയിരിക്കുന്ന നിധി കൃത്യമായി വിലയിരുത്താൻ പ്രയാസമാണ്, സുരക്ഷാ കാരണങ്ങളാലും അതിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നതിനുവേണ്ടിയും 1978 മുതൽ രത്നഭണ്ഡർ അടച്ചിട്ടിരിക്കുകയാണ്. അടുത്ത കാലത്തായി ഇത് തുറക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാൽ അത് നടന്നില്ല.















