നിഖിൽ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിർവഹിച്ച് താരതമ്യേന പുതുമുഖങ്ങളെ അണിനിരത്തി എത്തിയ ചിത്രം “കിൽ’തിയറ്ററിൽ തരംഗം തീർക്കുന്നു. കരൺ ജോഹർ, ഗുണീത് മോംഗ, അപൂർവ മേത്ത, അചിൻ ജെയിൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഹോളിവുഡിലേക്കും ചുവട് വയ്‌ക്കുന്നതാണ് പുതിയ വാർത്ത. ഹോളിവുഡിലെ ഇടിവെട്ട് ആക്ഷൻ ചിത്രമായ “ജോൺ വിക്ക്” സംവിധായകൻ ചാഡ് സ്റ്റാഹെൽസ്‌കിയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ 87 ഇലവൻ എൻ്റർടൈൻമെൻ്റും ചേർന്ന് കിൽ ഇംഗ്ലീഷിലേക്ക് റീമേക്ക് ചെയ്യും. ചിത്രത്തിന്റെ റീമേക്ക് അവകാശം ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
ലക്ഷ്യ , രാഘവ് ജുയൽ , ആശിഷ് വിദ്യാർത്ഥി , ഹർഷ് ഛായ , താന്യ മണിക്തല, അഭിഷേക് ചൗഹാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 സെപ്തംബർ 7-ന് ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കിൽ പ്രീമിയർ ചെയ്തു. അവിടെ പീപ്പിൾസ് ചോയ്സ് അവാർഡ്: മിഡ്‌നൈറ്റ് മാഡ്‌നെസിൽ ആദ്യ റണ്ണറപ്പായി. ജൂലായ് 5-ന് വിരലിൽ എണ്ണാവുന്ന തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം ആഴ്ചകൾ പിന്നീടുമ്പോഴേക്ക് ജനപ്രീതി ഏറെ ആകർഷിച്ചിട്ടുണ്ട്.
“ഞാൻ അടുത്തിടെ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷൻ സിനിമകളിൽ ഒന്നാണ് ‘കിൽ’,” സ്റ്റാഹെൽസ്‌കി ഒരു പ്രസ്താവനയിൽ പറഞ്ഞു. “കഴിയുന്നത്ര പ്രേക്ഷകർ കാണേണ്ട ആക്ഷൻ സീക്വൻസുകളാണ് നിഖിൽ അവതരിപ്പിക്കുന്നത്. ഒരു ഇംഗ്ലീഷ് പതിപ്പ് വികസിപ്പിച്ചെടുക്കുന്നത് ആവേശകരമാണ് – സംവിധായകൻ പറഞ്ഞു.