വിദ്യയും കലയും അഭ്യസിക്കാൻ പ്രായമോ സ്ഥലമോ ഒരു തടസമല്ലെന്ന് നാം കേട്ടിരിക്കും. അത്തരത്തിൽ അമേരിക്കയിലെ അറ്റോർണി ജനറലിന്റെ ഓഫീസിൽ തിരക്കിട്ട ജോലികൾക്കിടയിലും തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശി ലക്ഷ്മി രഞ്ജിത്ത്.
ചെറുപ്പത്തിൽ തന്നെ കഥകളി പഠിക്കണമെന്ന അതിയായ മോഹം ലക്ഷ്മിക്കുണ്ടായിരുന്നുവെങ്കിലും പഠനത്തിന്റെ തിരക്കുകൾ കൊണ്ടും, അമേരിക്കയിലേക്ക് ചേക്കേറിയതും ലക്ഷ്മിയെയും കഥകളിയെയും തമ്മിലകറ്റി. അമേരിക്കയിലെ അറ്റോർണി ജനറലിന്റെ ഓഫീസിൽ ഭാരിച്ച ജോലികൾക്കിടയിൽ എപ്പോഴോ കഥകളി എന്ന മോഹം വീണ്ടും ലക്ഷ്മിയിൽ ഉടലെടുത്തു. ആ ആഗ്രഹം അവരെ കൊണ്ടെത്തിച്ചത് കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ ഓൺലൈൻ ക്ലാസിലാണ്.
രണ്ട് വർഷം മുമ്പാണ് കഥകളി പഠനത്തിന്റെ ഓൺലൈൻ ക്ലാസിൽ ലക്ഷ്മി ചേർന്നത്. വളരെ പ്രയാസപ്പെട്ട് മുദ്രകളും ഭാവങ്ങളും അവർ പഠിച്ചെടുത്തു. രണ്ട് വർഷത്തെ പരിശ്രമത്തിന്റെ ഫലമായി ലക്ഷ്മിയുടെ അരങ്ങേറ്റം സ്വാമിയാർ മഠത്തിൽ നടന്നു. കഥകളി കലാകാരനായിരുന്ന പിതാവ് മാഞ്ഞൂർ ഓമനക്കുട്ടന്റെ കലാസപര്യക്കുള്ള സമർപ്പണമാണിതെന്നാണ് ലക്ഷ്മി പറയുന്നത്.
ഓൺലൈൻ വഴി കഥകളി പഠിച്ചെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ലക്ഷ്മി പറയുന്നു. ഗുരുമുഖത്ത് നിന്ന് പഠിക്കുന്നത് തന്നെയാണ് ഉചിതം. അരങ്ങേറ്റത്തിന് വേണ്ടി സന്താനഗോപാലമാണ് പഠിച്ചത്. അരങ്ങേറ്റത്തിന് തൊട്ടുമുന്നേ നാട്ടിൽ വന്നാണ് അവസാന വട്ട പരിശീലനം നടത്തിയതെന്നും ഗുരുവിനെ നേരിൽ കണ്ട് അവതരിപ്പിക്കുമ്പോൾ പലതും മറന്നു പോയിരുന്നുവെന്നും ലക്ഷ്മി പറയുന്നു. കലയുടെ നിലനിൽപ്പിനായി വിദൂര രാജ്യത്ത് നിന്ന് പോലും ആളുകൾ എത്തുന്നതിന്റെ സന്തോഷം ലക്ഷ്മിയുടെ ഗുരുവും പങ്കുവച്ചു.