രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും, തീർത്ഥാടനത്തിന്റെയും പുണ്യമാസത്തിൽ, തുഞ്ചന്റെ കിളിമകൾ ചൊല്ലും കഥകൾക്കായി മലയാളികൾ ഇന്ന് മുതൽ കാതോർക്കും. വീടുകളിൽ ‘രാമ രാമ’ ധ്വനി മുഴങ്ങുന്ന ധന്യമാസമാണ് കർക്കടകം. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം.
ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ പഞ്ഞ മാസമായി ചിത്രീകരിക്കപ്പെട്ട കർക്കടകം അദ്ധ്യാത്മികതയുടെ പുണ്യം നെറുകയിൽ ചൂടുന്ന രാമായണമാസമായി മാറുന്നത് 1982-ൽ കൊച്ചിയിൽ നടന്ന വിശാല ഹിന്ദു സമ്മേളനത്തിൽ പി. പരമേശ്വർജിയുടെ ആഹ്വാനത്തിലൂടെയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിശാല ഹിന്ദു സമ്മേളനത്തിൽ ഉയർന്നുവന്ന തീരുമാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു.
തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. കർക്കടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേൾവിയിൽ സുകൃതമേകാൻ രാമകഥകൾ പെയ്യുന്ന കർക്കടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.
ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരത്തെയും ജീവിതത്തെയും കഥകളുടെയും കവിതകളുടെയും പട്ടുനൂലിൽ കൊരുത്ത് ലോകത്തിനായി സമ്മാനിച്ചിരിക്കുകയാണ് രാമായണത്തിൽ. ഭാരത സംസ്‌കാരത്തിന്റെ മഹത്വത്തെ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുന്നതിനൊപ്പം മറ്റുള്ളവർക്ക് വഴികാട്ടുകയും ചെയ്യുന്നു. രാമായണം വായിച്ച് തീരുമ്പോൾ മനസിലെ രാഗ വിദ്വേഷങ്ങൾ കത്തി ചാമ്പലാകുമെന്നാണ് വിശ്വാസം. തുളസിയിലയിൽ വീണ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാകണം അന്തരംഗം. അപ്പോൾ മാത്രമേ, നുകരാനാകൂ.. സാരാനുഭൂതിക്ക് സാമ്യമില്ലാത്ത രാമകഥാമൃതത്തിന്‍റെ പൂർണ്ണാനന്ദം.















