തിരുവനന്തപുരം: കേരളത്തിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടിയതോടെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമം രൂക്ഷം. ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാൽ ഇവ കയറ്റിയാൽ മാത്രമേ സുഖം പ്രാപിക്കൂ. രക്തബാങ്കുകളിൽ രക്തം എത്തുന്നത് കുറവായതിനാൽ തന്നെ ഭാമം രൂക്ഷമാണ്.
വലിയ മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് കരുതി ആരംഭിച്ച എഫെറിസിസ് എന്ന ആധുനിക സംവിധാനവും ദീർഘശ്വാസം വലിക്കുകയാണ്. ദാതാവിന്റെ രക്തം പൂർണമായും യന്ത്രത്തിലേക്ക് കടത്തിവിട്ട് ആവശ്യമുള്ള ഘടകങ്ങളെടുത്ത ശേഷം തിരിച്ച് അവരുടെ ശരീരത്തിലേക്ക് തന്നെ കയറ്റിവിടുന്ന സംവിധാനമാണിത്. ഇതുവഴി ഒറ്റ തവണ തന്നെ ആറ് യൂണിറ്റ് വരെ പ്ലേറ്റ്ലെറ്റ് ലഭിക്കും. നിലവിലത്തെ രീതിയിൽ ഒരു യൂണിറ്റേ കിട്ടൂ. പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിലും രക്തബാങ്കുകളിലും ഇതിനുള്ള സംവിധാനമുണ്ടെങ്കിലും രക്താദാതാക്കൾക്ക് ഇത് സംബന്ധിച്ച ആശങ്ക നിലനിൽക്കുകയാണ്. പരിശോധന കിറ്റിനും വൻ തുക ചെലവാകുന്നതും പലരെയും പിന്നോട്ട് വലിക്കുന്നു.
കേരളം പനിക്കിടക്കയിലാണ്. ഡെങ്കിക്കൊപ്പം എച്ച്1എൻ1, കോളറ, എലിപ്പനി എന്നിവയും പടർന്ന് പിടിക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം പാളിയതാണ് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.















