ശ്രീനഗർ : കനത്ത മഴയെയും ആലിപ്പഴവർഷത്തെയും അതിജീവിച്ച് അമർനാഥിലെ മഹാശിവലിംഗ ദർശനത്തിനെത്തിയത് മൂന്ന് ലക്ഷത്തോളം പേർ . കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 15,000 ഓളം തീർത്ഥാടകരാണ് അമർനാഥിലെത്തിയത് .
ഞായറാഴ്‌ച്ച മാത്രം ദർശനം നടത്തിയ 14,974 തീർത്ഥാടകരിൽ 9785 പുരുഷന്മാരും 3435 സ്ത്രീകളും 145 കുട്ടികളും 230 സാധുമാരും ഒരു സാധ്വിയും 1378 സൈനികരും ഉൾപ്പെടുന്നു.ബാൽട്ടൽ, നുൻവാൻ എന്നീ ഇരട്ട ബേസ് ക്യാമ്പുകളിലെത്തിയ തീർഥാടകർ ഇന്ന് രാവിലെ തന്നെ ഗുഹയിലേക്ക് നീങ്ങിയതായും ചന്ദൻവാരി, ശേഷ്‌നാഗ്, പഞ്ചതർണി ഹാൾട്ടിംഗ് സ്റ്റേഷനുകളിൽ രാത്രി തങ്ങുന്നവരും ഇന്ന് രാവിലെ തന്നെ യാത്ര ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
ആയിരക്കണക്കിന് തീർഥാടകർ ബാൾട്ടൽ ബേസ് ക്യാമ്പിലും നുൻവാൻ-പഹൽഗാം ബേസ് ക്യാമ്പുകളിലും ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ആയിരക്കണക്കിന് തീർഥാടകർ ഗുഹാക്ഷേത്രത്തിലേക്കുള്ള വഴിയിലെ വിവിധ ഹാൾട്ടിംഗ് സ്റ്റേഷനുകളിലും ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. യുഎസിൽ നിന്നുള്ള വിദേശികളും അമർനാഥ് യാത്രയിൽ പങ്ക് ചേർന്നിരുന്നു. വർഷങ്ങളായി അമർനാഥിലേക്ക് വരണമെന്ന് ആഗ്രഹിച്ചിരുന്ന യുഎസ് പൗരന്മാരായ ഹീതർ ഹാത്‌വേയും മകൻ ഹഡ്‌സണുമാണ് ഇത്തവണ അമർനാഥിലെത്തിയത് . ജൂൺ 29 നാണ് അമർനാഥ് തീർത്ഥാടനം ആരംഭിച്ചത് . ആഗസ്റ്റ് 19 ന് ശ്രാവണ പൂർണിമയിൽ 52 ദിവസത്തെ യാത്ര സമാപിക്കും.















