പത്തനംതിട്ട: പത്തനംതിട്ട വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ചോർച്ചയുണ്ടായ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. പുതിയ സിലിണ്ടർ ഘടിപ്പിച്ച് ഗ്യാസ് അടുപ്പ് കത്തിക്കാൻ തുടങ്ങുമ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്ത അടുപ്പിൽ ഭക്ഷണം പാകം ചെയ്യാൻ തീ കത്തിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് പൊട്ടിത്തെറി. നിമിഷങ്ങൾക്കുള്ളിൽ വീട് പുക കൊണ്ട് നിറഞ്ഞു. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞു. സമയോചിതമായ ഈ പ്രവർത്തി മൂന്നംഗ കുടുംബത്തെ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തി.
പുറത്തേക്ക് എറിഞ്ഞെങ്കിലും സിലിണ്ടറിൽ നിന്നും പുറത്തേക്ക് ചീറ്റിയ
ഗ്യാസ് പ്രദേശത്താകമാനം വ്യാപിച്ചു. ഗ്യാസ് സിലിണ്ടർ നൽകിയ ഏജൻസിയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ഏജൻസി അധികൃതർ സിലിണ്ടർ മാറ്റി നൽകുകയും ചെയ്തു.















