ചെന്നൈ: തമിഴ് നാട്ടിലെ കടലൂർ ജില്ലയിൽ ഒരു വീട്ടിൽ മൂന്നുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.40 കാരനായ ടെക്കിയെയും വൃദ്ധയായ അമ്മയെയും 10 വയസ്സുള്ള മകനെയും തിങ്കളാഴ്ച പുലർച്ചെയാണ് കടലൂരിലെ കരമണി കുപ്പത്തെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഹൈദരാബാദിലെ ഐടി പ്രൊഫഷണലായ സുഗന്ധ് കുമാർ (40), കമലേശ്വരി (60), മകൻ നിഷാന്ത് (10) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച രാത്രി മൃതദേഹങ്ങൾ കത്തിച്ചതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നെല്ലിക്കുപ്പം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സുഗന്ധ് ഭാര്യയുമായി വേർപിരിഞ്ഞ് മകൻ നിശാന്തിനൊപ്പമാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സഹോദരൻ സുരേന്ദ്രകുമാർ ആന്ധ്രാപ്രദേശിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആറുമാസം മുമ്പ് പിതാവ് സുരേഷ് കുമാറിന്റെ മരണശേഷം സുഗന്ധും നിഷാന്തും കമലേശ്വരിയോടൊപ്പമായിരുന്നു താമസം.
അജ്ഞാത സംഘം ജൂലൈ 12ന് രാത്രി കത്തി ഉപയോഗിച്ച് ഇവരെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായി കടലൂർ എസ്പി ആർ രാജാറാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻവാതിലിലൂടെ വന്ന കൊലയാളികൾ ആദ്യം കമലേശ്വരിയെയും പിന്നീട് സുഗന്ധ് കുമാറിനെയും പിന്നീട് നിശാന്തിനെയും കൊലപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തുടർന്ന് കൊലപാതകികൾ മുൻവശത്തെ വാതിൽ അടച്ച് ഗേറ്റ് പൂട്ടുകയായിരുന്നു.പൂട്ടിയ വാതിൽ തകർത്ത് അകത്ത് കടന്ന ഉദ്യോഗസ്ഥർ മുറിയാകെ രക്തം പുരണ്ട നിലയിൽ കണ്ടെത്തി.
കൊലപാതകം അന്വേഷിക്കാൻ നാല് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി വൈകിയും അക്രമികൾ വീട്ടിലെത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. അക്രമികൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇട്ട് തീ കൊളുത്തി വീണ്ടും വാതിൽ പൂട്ടിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.