എറണാകുളം: എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമകളായ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസിനിടെ നടന്ന വിവാദമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ സംഗീതജ്ഞൻ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയിലാണ് പുതിയ വിവാദം.
ആന്തോളജി സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സംഗീതം നൽകിയത് മലയാള സിനിമയ്‌ക്ക് അടക്കം നിരവധി സംഭാവനകൾ നൽകിയ പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. ‘മനോരഥങ്ങൾ’ എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗിനിടയില്‍ ചിത്രത്തിന്‍റെ അണിയറക്കാരെയെല്ലാം ആദരിച്ചിരുന്നു എന്നാല്‍ രമേഷ് നാരായണിനെ വേദിയിലേക്ക് വിളിച്ചില്ല. ഒടുവിൽ ഇത് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചത്.
എന്നാൽ, ആസിഫ് അലിയിൽ നിന്നും രമേഷ് നാരായൺ പുരസ്കാരം വാങ്ങിയതിന് ശേഷം ആലിംഗനം ചെയ്തില്ലെന്നും മുഖത്ത് നോക്കിയില്ലെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നത്. കൂടാതെ പുരസ്കാരം വാങ്ങിയ ശേഷം സംവിധായകൻ ജയരാജനെ വിളിച്ച് വീണ്ടും പുരസ്കാരം സ്വീകരിച്ചെന്നുമാണ് വിവാദം. വിമർശനങ്ങൾ കടുത്തതോടെ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി രമേഷ് നാരായൺ രംഗത്തെത്തി. ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് സംഗീത സംവിധായകൻ പ്രതികരിച്ചു. കാര്യങ്ങൾ മനസിലാക്കാതെ, സൈബറാക്രമണം നടത്തുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആസിഫ് അലിയെ ഒരിക്കലും അപമാനിച്ചിട്ടില്ല. ജീവിതത്തിൽ ആരോടും യാതൊരു വിവേചനം കാണിക്കാത്ത വ്യക്തിയാണ് ഞാൻ. ആസിഫ് അലിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തോളിൽ തട്ടുകയും ചെയ്തിരുന്നു. അതും വീഡിയോയിൽ ഉണ്ട്. കരുതികൂട്ടി ആസിഫ് അലിയെ അപമാനിക്കേണ്ട ആവശ്യമില്ല. യുവ നടന്മാരിൽ ഇഷ്ടപ്പെട്ട ഒരാളാണ് ആസിഫ്.
എം ഡി സാറിന്റെ ആന്തോളജി സിനിമകളിൽ ഒന്നിൽ നേരത്തെ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. അത് ജയരാജാണ് സംവിധാനം ചെയ്തത്. ആ വേദിയിൽ രഞ്ജിത്തിന്റെ സിനിമ ഉണ്ടായിരുന്നു. ആ സിനിമയുടെ സംഗീത സംവിധായകനെ ഉൾപ്പെടെ വിളിച്ച് അനുമോദിച്ചിരുന്നു. എല്ലാ സിനിമയുടെയും മുഴുവൻ അംഗങ്ങളെയും വിളിച്ചു.
ജയരാജന്റെ സിനിമ എത്തിയപ്പോൾ അദ്ദേഹത്തെയും ക്രൂവിലുള്ള മറ്റ് അംഗങ്ങളെയും വിളിച്ചു. സംഗീത സംവിധായകനായ എന്റെ പേര് അവർ പരാമർശിച്ചതുമില്ല. വിളിച്ചതുമില്ല, പെട്ടെന്ന് എന്റെ പേര് വിളിക്കാത്തതിൽ അസ്വസ്ഥനായി. എങ്കിലും പ്രശ്നമില്ല എന്നു ചിന്തിച്ചു ഇതൊക്കെ കഴിഞ്ഞതിന് ശേഷം എംടിയുടെ മകൾ അശ്വതിയോട് ഞാൻ പോകുകയാണെന്ന് പറഞ്ഞു. കാരണം, എനിക്ക് തിരുവനന്തപുരം വരെ എത്തേണ്ടതുണ്ട്. അപ്പോഴാണ്, അശ്വതി ചോദിക്കുന്നത് സാർ, മൊമന്റോ വാങ്ങിച്ചില്ലലോ… സ്റ്റേജിൽ കയറിയില്ലലോ…
പെട്ടെന്ന് അശ്വതി അവതാരകയുടെ അടുക്കലെത്തി കാര്യം വിശദീകരിച്ചു എന്ന് തോന്നുന്നു. ഞാൻ പോകാനായി ഇറങ്ങുന്ന തിരക്കിനിടയിൽ എന്റെ പേര് മാറി സന്തോഷ് നാരായൺ എന്നൊക്കെ അവതാരക പറയുന്നത് കേട്ടു. വേദിയുടെ താഴെ നിൽക്കുന്നത് കൊണ്ട് വ്യക്തമായില്ല. കുറച്ചു കഴിഞ്ഞതും ആസിഫ് അലി ഓടി വന്ന് മൊമന്റോ എന്റെ കയ്യിൽ തന്നു. ഞാൻ അത് വാങ്ങുകയും ചെയ്തു.
വേദിയിൽ ജയരാജ് കൂടി ഇരിക്കുന്നതുകൊണ്ട് അദ്ദേഹം കൂടി ഈ വേദിയിൽ വരണം എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ജയരാജിനെ കൂടി വിളിച്ചത്. ജയരാജ് വന്നപ്പോഴേക്കും അവിടെ ആസിഫ് അലി ഇല്ല. അദ്ദേഹം അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു. ഇത് മാത്രമാണ് അവിടെ നടന്നത്. ആ വേദിയിൽ ഒരു മൊമന്റോ പ്രതീക്ഷിച്ചിട്ടല്ല പോയത്. എം ഡി സാറിന്റെ പിറന്നാൾ ആഘോഷത്തിന് പോകാൻ കഴിഞ്ഞല്ലോ എന്ന ചിന്തായിലാണ് എത്തിയത്. എല്ലാ സംഗീത സംവിധായകർക്കും മൊമന്റോ നൽകിയിട്ട് എന്നെ വേദിയിലേക്ക് ക്ഷണിക്കുകയോ നൽകുകയോ ചെയ്യാത്തിൽ അപ്സറ്റായി പോയി.’- രമേഷ് നാരായൺ പറഞ്ഞു.