റായ്പൂർ: ഛത്തീസ്ഗഢിൽ നാല് മാവോയിസ്റ്റുകൾ കീഴടങ്ങി. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായ സുക്മ ജില്ലയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. സുക്മ പൊലീസ് സ്റ്റേഷനിലെ എസ്പി കിരൺ ചവാന് മുമ്പാകെയാണ് സംഘം കീഴടങ്ങിയത്. സുക്മയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഗഡ്ചിറോളി ഡിവിഷനിലെ കൈലാഷ്, വനജം, റവ്വ ദേവെ, സുക്കി മാടകം എന്നിവരാണ് കീഴടങ്ങിയത്. ഇവർക്കായി പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘത്തിന്റെ കീഴടങ്ങൽ. ഇവരുടെ സംഘത്തിലെ തലവനായ കൈലാഷ് നിരവധി തവണ പൊലീസുമായി ഏറ്റുമുട്ടൽ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പൊലീസും ഭരണകൂടവും ചേർന്ന് മാവോയിസ്റ്റ് സംഘത്തെ പിടികൂടുന്നതിനായി കാമ്പെയ്നുകൾ നടത്തിവരികയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഛത്തീസ്ഗഡിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ടെന്നും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.















