ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗഥുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുരോഗതിയിലേക്കും ആധുനികതയിലേക്കുമുള്ള മൗറീഷ്യസിന്റെ യാത്രയിൽ പങ്കാളിയാകുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം എസ് ജയശങ്കർ എക്സിൽ കുറിച്ചു.
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസനം, പ്രതിരോധം, മാരിടൈം കോർപ്പറേഷൻ, സാമ്പത്തിക- വ്യാപാര ബന്ധങ്ങൾ എന്നിവയെ കുറിച്ച് മൗറീഷ്യസ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. മൗറീഷ്യസിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും. മൗറീഷ്യസും ഇന്ത്യയും തമ്മിൽ ചരിത്രപരമായ ബന്ധമുണ്ടെന്നും ജയശങ്കർ കുറിച്ചു
മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരമാണ് ദ്വിദിന സന്ദർശനത്തിനായി ജയശങ്കർ മൗറീഷ്യസിലെത്തിയത്. മൂന്നാം മോദി സർക്കാരിലും വിദേശകാര്യ മന്ത്രിയായി തുടർന്ന എസ്. ജയശങ്കർ പുതിയ ടേമിൽ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗഥിന്റെ സാന്നിധ്യത്തിൽ ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള പദ്ധതികളുടെ ഉദ്ഘാടനവും വിവിധ കരാറുകളുടെ ധാരണാപത്ര കൈമാറ്റവും നടന്നു.















