രമേശ് നാരായൺ- ആസിഫ് അലി പുരസ്കാര വിവാദത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ശരത്. രമേശ് നാരായണനുമായി ഏറെ നാളത്തെ ബന്ധമുണ്ടെന്നും മനഃപൂർവ്വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അദ്ദേഹമെന്നും ശരത് ഫെയ്സ്ബുക്കിൽ കുറിച്ചു.
രമേശ് അണ്ണാച്ചി തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംഗീതജ്ഞനാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണെന്നും ശരത് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കല എന്നത് ദൈവീകം ആണ് അത് പലർക്കും പല രൂപത്തിലാണ് കിട്ടുന്നത്.. ചിലർ അഭിനയത്തിൽ മറ്റ് ചിലർ സംഗീതത്തിലോ ചിത്ര രചനയിലോ വാദ്യകലകളിലോ ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാന്നിധ്യം ഉണ്ട്… ആ ദൈവീക സാന്നിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്…
പുരസ്കാര ദാന ചടങ്ങുകളിൽ നമക്ക് പുരസ്‌കാരം തരുന്ന ആൾ ഒരു പ്രതിനിധിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളായിരിക്കും. അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരന് വേദനിപ്പിച്ചുവെങ്കിൽ, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു.
രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞനാണ്. മനഃപൂർവ്വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി. അദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്.
ആസിഫ് എന്റെ കുഞ്ഞ് അനുജൻ ആണ്. എവിടെ കണ്ടാലും ആ നിഷ്കളങ്കമായ ചിരിയോട് കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ. പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. അപ്പോൾ ആസിഫിനോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു “പോട്ടെടാ ചെക്കാ” വിട്ടുകള… വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാവരുമുണ്ട്- ശരത് ഫെയ്സ്ബുക്കിൽ കുറിച്ചു.