കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ച് ഗവർണർ സി വി ആനന്ദ ബോസ്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും ചില കേസുകളിൽ സർക്കാരിന്റെ പിന്തുണ ഉണ്ടെന്ന് അറിയുന്നത് ദുഃഖകരമാണെന്നും ഗവർണർ പറഞ്ഞു.
ആക്രമത്തിന് ഇരയായവരിൽ നിന്നും തുടർച്ചയായി പരാതികൾ ലഭിക്കുന്നുണ്ട്. ഗവർണറെ നേരിൽ കണ്ട് പരാതി നൽകാൻ എത്തിയവരെയും ബംഗാൾ പൊലിസ് തടഞ്ഞു. ഇത് വളരെ തെറ്റായ പ്രവർത്തിയാണ്. ജനങ്ങൾ പരാതി നൽകാനാണ് വരുന്നത്. അവരെ തടയുന്നത് ശരിയല്ലെന്നും സി വി ആനന്ദ ബോസ് പറഞ്ഞു.
അതേസമയം, ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന അപകീർത്തി പരാമർശങ്ങൾക്ക് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. സമൂഹമാദ്ധ്യമങ്ങൾ വഴി അടിസ്ഥാന രഹിതമായ പ്രസ്താവനകളും അധിക്ഷേപ പരാമർശങ്ങളും പ്രചരിപ്പിക്കാൻ പാടില്ലെന്നും ഇത്തരം വ്യക്തിഹത്യകൾക്ക് താത്കാലികമായി തടയിടുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകളാണ് ആനന്ദ ബോസിനെതിരെ മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രചരിപ്പിച്ചിരുന്നത്. ഇത്തരം പരാമർശങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിവി ആനന്ദ ബോസ് നൽകിയ ഹർജി പരിഗണിച്ച കോടതി അധിക്ഷേപ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണ റാവുവിന്റേതാണ് ഉത്തരവ്.















