ന്യൂഡൽഹി: കർണ്ണാടകയിലെ പോലെ ഹരിയാനയിലും മുസ്ലിം സംവരണം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അധികാരത്തിൽ വന്നാൽ ഹരിയാനയിൽ മുസ്ലിം സംവരണം നടപ്പാക്കും എന്ന് കോൺഗ്രസ് പ്രചരണം ശക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മറുപടി.
ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കോൺഗ്രസ് നടത്തുന്ന പ്രീണന രാഷ്‌ട്രീയത്തെ ബിജെപി തുറന്നുകാട്ടുമെന്നും ഹരിയാനയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കർണ്ണാടകയിൽ സർക്കാർ പിന്നോക്ക സംവരണം തട്ടിയെടുത്ത് മുസ്ലീങ്ങൾക്ക് നൽകുകയാണ്. ഹരിയാനയിൽ ബിജെപിയെ തകർക്കുക എന്ന ലക്ഷ്യം വെച്ച് കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് പയറ്റുന്നത്. ഭൂരിപക്ഷ വികാരത്തെ മാനിക്കാതെയുള്ള കോൺഗ്രസിന്റെ ചെയ്തികൾ കനത്ത തിരിച്ചടിക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. 90 സീറ്റുകളാണ് നിയമസഭയിൽ ഉള്ളത്. ഭരണകക്ഷിയായ ബിജെപിയെ താഴെ ഇറക്കാൻ ഇന്ത്യൻ നാഷണൽ ലോക് ദളും(ഐഎൻഎൽഡി) ബിഎസ്പിയും ഒന്നിച്ചാണ് മത്സരിക്കുന്നത്.