ചെന്നൈ: തമിഴ്‌നാട്ടിലെ നിർമാണ യൂണിറ്റുകൾ വിപുലീകരിക്കാൻ ഇൻ്റർനാഷണൽ എയ്‌റോസ്‌പേസ് മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് . റോൾസ് റോയ്‌സിന്റെയും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെയും (എച്ച്എഎൽ) സംയുക്ത സംരംഭമാണ് ഇൻ്റർനാഷണൽ എയ്‌റോസ്‌പേസ് മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ് .
ഹൊസൂരിലോ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലോ നാലോ അഞ്ചോ പുതിയ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് റോൾസ് റോയ്‌സ് – ഇന്ത്യ, സൗത്ത് ഏഷ്യ പ്രസിഡൻ്റ് കിഷോർ ജയരാമൻ പറഞ്ഞു. ഹൊസൂരിലെ IAMPL ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, വിദഗ്ധരായ മനുഷ്യവിഭവശേഷി, മികച്ച അക്കാദമിക്, എന്നിവയാൽ മികച്ച നേട്ടങ്ങളാണ് കൈവരിക്കുന്നത് .
സിവിൽ, ഡിഫൻസ് എയ്‌റോ എഞ്ചിനുകൾക്കുള്ള ആഗോള വിതരണ ശൃംഖലയ്‌ക്കായി സങ്കീർണ്ണമായ ഘടകങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 200 എഞ്ചിനീയർമാരാണ് ഇതിനായി പ്രവർത്തിക്കുന്നത് . ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ ഘടകങ്ങൾ ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളിലേയ്‌ക്ക് കയറ്റി അയക്കാനും തീരുമാനിച്ചതായി കിഷോർ ജയരാമൻ പറഞ്ഞു.
അധിക യൂണിറ്റുകൾ വന്നാൽ, തൊഴിലവസരങ്ങളും ഗണ്യമായി ഉയരും. പ്രവർത്തന മികവ് നൽകുന്നതിലും ഇന്ത്യയുടെ വിതരണ ശൃംഖലയിലെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിലുമാണ് കമ്പനിയുടെ നിരന്തരമായ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി .