ശ്രീനഗർ: ശ്രീനഗറിൽ മുഹറം ഘോഷയാത്രയ്‌ക്കിടെ ഹിസ്‌ബുള്ള പതാകകളും മുദ്രാവാക്യങ്ങളും ഉയർത്തിയവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ശ്രീനഗറിലെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങൾ കശ്മീർ ഭരണകൂടം പുറത്തിവിട്ടിട്ടില്ല.
പലസ്തീൻ പതാകയുമായി മുഹറം ഘോഷയാത്രയിൽ പങ്കെടുത്ത സംഭവത്തിലും നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ഗുരു ബസാറിൽ നിന്ന് ദൽഗേറ്റ് വരെ നടത്തിയ ഘോഷയാത്രയിൽ ആയിരുന്നു പലസ്തീൻ പതാകകൾ വീശിയത്. ഇതോടൊപ്പം തന്നെ അമേരിക്കയ്‌ക്കും ഇസ്രായേലിനും എതിരായ നിരവധി മുദ്രവാക്യങ്ങളും ഈ ഘോഷയാത്രയിൽ ഉയർന്നിരുന്നു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഹനിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടരുതെന്നും, പ്രകോപനപരമായ മുദ്രവാക്യങ്ങളോ ചിഹ്നങ്ങളോ നിരോധിത സംഘടനകളും ആയി ബന്ധപ്പെട്ട കാര്യങ്ങളോ മുഹറം ഘോഷയാത്രയിൽ ഉപയോഗിക്കരുതെന്നും നേരത്തെ തന്നെ ജില്ലാ മജിസ്ട്രേറ്റ് സംഘാടകർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനാൽ ഘോഷയാത്രയ്‌ക്കിടെ നടന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയവും കശ്മീർ ഭരണകൂടം നോക്കിക്കാണുന്നത്.















