വയനാട്: കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിക്കുന്നത്. മരണപ്പെട്ട കല്ലുമുക്ക് സ്വദേശി രാജുവിന്റെ വീട്ടിലെത്തിയ മന്ത്രി ഒ.ആര്‍ കേളുവിന് നേരെയും പ്രദേശവാസികൾ പ്രതിഷേധം ഉയർത്തിയിരുന്നു.
രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും മകന് ഗവൺമെന്റ് ജോലിയും നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വയനാട് കല്ലൂര്‍ മാറോട് സ്വദേശി രാജു കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച കാട്ടാനയുടെ ആക്രമത്തില്‍ പരിക്കേറ്റ രാജു ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.
വയലില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജുവിനെ വീടിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. വയലില്‍ നിലയുറപ്പിച്ചിരുന്ന ആന രാജുവിന് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് രാജുവിന്റെ പോസ്റ്റുമോർട്ടം നടന്നെങ്കിലും വന്യജീവി ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മൃതദേഹം വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്.