തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
മാലിന്യ കൂമ്പാരത്തിൽ വീണ് ഒരു ജീവൻ നഷ്ടപ്പെട്ടിട്ടും റെയിൽവേയെ പഴി ചാരുന്നത് തുടരുകയാണ് നഗരസഭയും മേയറും. മാലിന്യ പ്രശ്നത്തിൽ പരിഹാരം കാണാത്ത മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് പുറത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ഉച്ചവരെ മേയർ കോർപ്പറേഷനിൽ എത്തിയില്ല.
ബിജെപി കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാവിലെ 9.30-ഓടെ ബിജെപി കൗൺസിലർമാർ മേയറുടെയും സെക്രട്ടറിയുടെയും ഓഫീസിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചിരുന്നു.
മാലിന്യ നീക്കത്തിനുള്ള കേന്ദ്ര പദ്ധതികൾ നഗരസഭ അട്ടിമറിച്ചെന്ന് കൗൺസിലർമാർ പ്രതികരിച്ചു. കേന്ദ്രത്തിൽ നിന്ന് വരുന്ന ഫണ്ട് ഉപയോഗിച്ച് പല പദ്ധതികളുടെ പേരിൽ നഗരസഭ അഴിമതി നടത്തുകയാണ്. മാലിന്യ പ്രശ്നം പരിഹാരിക്കാൻ കേന്ദ്രം നൽകിയ ഒരു രൂപ പോലും ഇവിടെ വിനിയോഗിച്ചിട്ടില്ലെന്നും ബിജെപി കൗൺസിലർ പറഞ്ഞു.















