കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്ന് ആസിഫ് അലി. എന്നാൽ തനിക്ക് നൽകുന്ന പിന്തുണ വിദ്വേഷപ്രചാരണ വേദിയാക്കി മാറ്റരുതെന്നും താരം ആവശ്യപ്പെട്ടു. തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അദ്ദേഹം നേരിടുന്ന വിഷമം തനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്. അത്തരമൊരു വിഷമത്തിലേക്ക് രമേശ് നാരായണനെ തള്ളിവിടരുതെന്നും താരം അഭ്യർത്ഥിച്ചു. കൊച്ചി സെന്റ് ആൽബേർട്സ് കോളേജിലെ പരിപാടിയിൽ സിനിമാ പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം. കൊച്ചിയിലെ വേദിയിൽ നടന്ന സംഭവത്തിന് ശേഷം ആസിഫ് ആദ്യമായാണ് പൊതുപരിപാടിയിൽ എത്തിയത്.
മനോരഥങ്ങൾ ട്രെയിലർ ലോഞ്ചിനിടെ നടന്ന പരിപാടിയായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. സംഗീത സംവിധായകൻ രമേഷ് നാരായണിന് ആസിഫ് അലി പുരസ്കാരം കൈമാറിയതിന് പിന്നാലെ സംഗീതജ്ഞൻ കാണിച്ച അതൃപ്തിയായിരുന്നു വിവാദത്തിന് വഴിയൊരുക്കിയത്. രമേശ് നാരായണിനോട് സംഘാടകർ കാണിച്ച അനീതിയായിരുന്നു സംഗീതജ്ഞന്റെ പെരുമാറ്റത്തിന് ആധാരം. എന്നാൽ സദസ്സിൽ ഏവരുടേയും മുന്നിൽ അപമാനിക്കപ്പെട്ട ആസിഫ് അലി വിഷയത്തെ പക്വതയോടെ നേരിട്ടത് സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിക്കാൻ കാരണമാവുകയായിരുന്നു.